08/09/2026
[fontresizer_tawhidurrahmandear_widget]

വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ, തോക്കുമായി ബോഡിഗാർഡ്: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിക്ക് തൊട്ടുമുമ്പ് 2 പേർ പിടിയിൽ

 വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ, തോക്കുമായി ബോഡിഗാർഡ്: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിക്ക് തൊട്ടുമുമ്പ് 2 പേർ പിടിയിൽ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിക്ക് തൊട്ടുമുമ്പ് മുംബൈയിൽ വൻ സുരക്ഷാവീഴ്ച. പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥനാണെന്ന് വ്യാജ അവകാശവാദം ഉന്നയിച്ചയാളെയും തോക്കുമായി കൂടെയുണ്ടായിരുന്ന ബോഡിഗാർഡിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ (എൻഎംഎസിസി) നിന്നാണ് ഇവരെ പിടികൂടിയത്.

ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ (ജിഎഫ്എഫ്) ഏഴാമത് പതിപ്പ് ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിൽ എത്താനിരുന്നത്. പരിപാടി നടക്കുന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്.

24 -കാരനായ റോഹൻ പരേഖ് എന്നയാളാണ് പിഎംഒ ഉദ്യോഗസ്ഥനെന്ന വ്യാജേന പിടിയിലായത്. പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ഐഡി കാർഡ് വ്യാജമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇയാൾക്കൊപ്പം തോക്കുമായി എത്തിയ രണ്ടാമൻ പരേഖിന്റെ ബോഡിഗാർഡാണെന്നാണ് അവകാശപ്പെട്ടത്.

പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. പിടിയിലായ രണ്ടുപേരെയും മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെ തുടർന്ന് പരിപാടി നടക്കുന്ന സ്ഥലത്തും പരിസരത്തും സുരക്ഷാ നിരീക്ഷണം കൂടുതൽ കർശനമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 8 മുതൽ 11 വരെയാണ് മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

Also read: