വടകര-മാഹി ദേശീയ ജലപാത പണിക്ക് എത്തിച്ച 30 ലക്ഷത്തിന്റെ കൂറ്റൻ ബാർജുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുവിറ്റു; കരാറുകാരൻ അറിഞ്ഞത് ആഴ്ചകൾക്ക് ശേഷം, മുൻ ജീവനക്കാരൻ അറസ്റ്റിൽ
വടകര: ദേശീയ ജലപാതയുടെ ഭാഗമായ വടകര-മാഹി കനാൽ വീതികൂട്ടൽ പ്രവർത്തിക്കായി എത്തിച്ച 30 ലക്ഷം രൂപ വിലമതിക്കുന്ന രണ്ടു കൂറ്റൻ ബാർജുകൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപ്പന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. ആന്ധ്രപ്രദേശ് സ്വദേശിയും മണ്ണുമാന്തി യന്ത്രത്തിന്റെ മുൻ ഓപ്പറേറ്ററുമായ ബി. രാജുവിനെയാണ് വടകര പോലീസ് പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട ക്രെയിൻ ഓപ്പറേറ്റർ, ഗ്യാസ് കട്ടിങ് സ്ഥാപന ഉടമ, ആക്രി കച്ചവടക്കാരൻ എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
കൊച്ചി പാലാരിവട്ടം സ്വദേശിയായ കരാറുകാരൻ ജി. ബാലകൃഷ്ണൻ നായർ കല്ലേരി മുതൽ കണിയാംവള്ളി വരെയുള്ള ഭാഗത്തെ നവീകരണത്തിനായാണ് ബാർജുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിരുന്നത്. കരാർ പുതുക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ കാരണം കഴിഞ്ഞ എട്ടുമാസമായി പണികൾ നിർത്തിവച്ച് ബാർജുകൾ കല്ലേരി അമ്പലത്തിനു സമീപം കനാലിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ഓണാവധിക്കാലത്ത് കരാറുകാരന്റെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ചായിരുന്നു കവർച്ച. മുൻപ് കനാൽ പണിക്ക് നേതൃത്വം നൽകിയിരുന്ന രാജുവിനെ കണ്ട് നാട്ടുകാർ സംശയിച്ചതുമില്ല. ക്രെയിൻ ഉപയോഗിച്ച് കരയ്ക്കടുപ്പിച്ച ബാർജുകൾ ലോറിയിൽ കയറ്റി കൊണ്ടുപോവുകയും ഗ്യാസ് കട്ടർ ഉപയോഗിച്ച് പല കഷണങ്ങളാക്കി മുറിച്ച് വടകരയിലെ ആക്രിക്കടയിൽ വിൽക്കുകയുമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച സ്ഥലത്തെത്തിയപ്പോഴാണ് ബാർജുകൾ കാണാനില്ലെന്ന വിവരം ഉടമ അറിയുന്നത്. തുടർന്ന് നടത്തിയ പ്രാദേശിക അന്വേഷണത്തിലാണ് മോഷണവിവരം പുറത്തുവന്നതും പോലീസിൽ പരാതി നൽകിയതും. മോഷ്ടിച്ച ബാർജിന്റെ ഭാഗങ്ങൾ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.