‘ബുദ്ധിശൂന്യമായ പരാമർശം, ഫ്രാൻസിലെ സംഘർഷാവസ്ഥ മുതലെടുക്കാൻ ശ്രമം’; ട്രംപിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ ശക്തമായ മറുപടിയുമായി മാക്രോൺ
പാരിസ്: ഫ്രാൻസിലെ പ്രക്ഷോഭങ്ങളെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ തള്ളി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ‘ബുദ്ധിശൂന്യവും അംഗീകരിക്കാൻ കഴിയാത്തതുമായ പ്രതികരണങ്ങൾ’ എന്നാണ് മാക്രോൺ ട്രംപിന്റെ പ്രസ്താവനയെ വിശേഷിപ്പിച്ചത്. ഫ്രാൻസിലെ സംഘർഷാവസ്ഥ രാഷ്ട്രീയ ലാഭത്തിനായി മുതലെടുക്കാൻ ‘അറ്റ്ലാന്റിക്കിന്റെ മറുവശത്തുള്ളവർ’ ഉൾപ്പെടെയുള്ള ‘വിദേശ നേതാക്കൾ’ ശ്രമിക്കുന്നുവെന്നും മാക്രോൺ കുറ്റപ്പെടുത്തി.
ജീവിതച്ചെലവ് വർധിച്ചതിനെത്തുടർന്ന് ഫ്രാൻസിലുണ്ടായ പ്രതിഷേധങ്ങൾ ലോകമെമ്പാടും ശ്രദ്ധ ആകർഷിച്ചിരുന്നു. അക്രമങ്ങൾക്ക് കാരണം മുസ്ലിം കുടിയേറ്റക്കാരാണെന്നായിരുന്നു യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം. വൈകിപ്പോകുന്നതിന് മുമ്പ് അതിർത്തികൾ അടയ്ക്കാനും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനും ട്രംപ് മാക്രോണിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പാരിസിലും മറ്റ് ഫ്രഞ്ച് നഗരങ്ങളിലും കഴിഞ്ഞ വാരാന്ത്യത്തിലുണ്ടായ അക്രമങ്ങൾക്കും കൊള്ളയടിക്കലുകൾക്കും പിന്നാലെ വിദേശത്തുനിന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെട്ടതായി മാക്രോൺ പറഞ്ഞു. വിദേശ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങൾ ബുദ്ധിശൂന്യവും അംഗീകരിക്കാൻ കഴിയാത്തതുമാണ്. മാധ്യമപ്രവർത്തകർ ട്രംപിനെക്കുറിച്ചാണോ പരാമർശിച്ചതെന്ന് ചോദിച്ചപ്പോൾ, ‘അദ്ദേഹവും ഉൾപ്പെടും’ എന്നായിരുന്നു മാക്രോണിന്റെ മറുപടി.
ഫ്രാൻസിലേക്ക് കുടിയേറ്റക്കാരും ഇസ്ലാമിസ്റ്റുകളും അധിനിവേശം നടത്തുകയാണെന്ന ട്രംപിന്റെ വാദം പൂർണമായും തെറ്റാണെന്ന് മാക്രോൺ വ്യക്തമാക്കി. ഫ്രാൻസിൽ ഒരിക്കലും നടക്കാത്ത സംഭവങ്ങളുടെ എ.ഐ നിർമിത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മധ്യത്തിലുള്ള വിദേശ നേതാക്കൾ ഇത്തരം വ്യാജ കഥകളും എ.ഐ ചിത്രങ്ങളും പ്രചരിപ്പിച്ച് ഫ്രാൻസിനെ സ്വന്തം പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും ഇത് തങ്ങൾക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റം മാത്രമാണ് ഫ്രാൻസിലെ സംഘർഷങ്ങൾക്ക് കാരണമെന്നും അതിർത്തികൾ അടച്ച് നിയന്ത്രണം കൈയിലെടുക്കാൻ മാക്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകളെ ഉള്ളിലേക്ക് കടത്തിവിട്ട് ഫ്രാൻസ് വലിയ തെറ്റാണ് ചെയ്യുന്നതെന്ന് പണ്ടേ മാക്രോണിനോട് പറഞ്ഞിരുന്നതായി ട്രംപ് അവകാശപ്പെട്ടിരുന്നു. പാരിസ് ഉടൻതന്നെ ഒരു മുസ്ലിം നഗരമായി മാറുമെന്നും യൂറോപ്പ് അതിർത്തികൾ അടച്ച് പ്രക്ഷോഭകാരികളായ കുറ്റവാളികളെ പുറത്താക്കിയില്ലെങ്കിൽ യൂറോപ്പ് നശിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.