23/10/2026
[fontresizer_tawhidurrahmandear_widget]

ഫേസ്ബുക്കും ടിക്‌ടോക്കും വഴി വന്യജീവി കച്ചവടം; വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവികൾ വിൽപ്പനയ്ക്ക്

 ഫേസ്ബുക്കും ടിക്‌ടോക്കും വഴി വന്യജീവി കച്ചവടം; വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവികൾ വിൽപ്പനയ്ക്ക്

ന്യൂഡൽഹി: ഫേസ്ബുക്ക്, ടിക്ടോക്ക്, ഇബേ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും ജീവനുള്ള വന്യജീവികളും അവയുടെ ശരീരഭാഗങ്ങളും വ്യാപകമായി വിൽക്കപ്പെടുന്നതായി പഠന റിപ്പോർട്ട്. ‘നേച്ചർ റിവ്യൂസ് ബയോഡൈവേഴ്‌സിറ്റി’യിൽ പ്രസിദ്ധീകരിച്ച അവലോകന റിപ്പോർട്ടിലാണ് ഓൺലൈൻ വഴിയുള്ള അനധികൃത വന്യജീവി വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ആറാഴ്ചയ്ക്കിടെ 280 ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലായി ആയിരക്കണക്കിന് വന്യജീവികളെ വിൽപനയ്ക്കായി കണ്ടെത്തിയതായി ഗവേഷകർ വ്യക്തമാക്കുന്നു.

നിരവധി വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങൾ ഉൾപ്പെടെയുള്ളവയെ നേരിട്ട് പിടികൂടിയും ശരീരഭാഗങ്ങൾക്കായി കൊന്നൊടുക്കിയുമാണ് ഇത്തരം വ്യാപാരങ്ങൾ നടക്കുന്നത്. വിവിധ പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ ആറാഴ്ചത്തെ പരിശോധനയിൽ മാത്രം 33,006 വന്യജീവികളെ കണ്ടെത്തി. ഇവയിൽ 54 ശതമാനം ജീവനുള്ളവയും 46 ശതമാനം ശരീരഭാഗങ്ങളും മറ്റ് വന്യജീവി ഉൽപ്പന്നങ്ങളുമായിരുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന CITES പട്ടികയിൽപ്പെട്ട നിരവധി ജീവികളും ഇതിൽ ഉൾപ്പെടുന്നു. ജീവനുള്ള വന്യജീവികളെ വിദേശ വളർത്തുമൃഗങ്ങളായും, മറ്റു ചിലതിനെ കൊമ്പ്, പല്ല്, തോട് തുടങ്ങിയ ശരീരഭാഗങ്ങൾക്കായും വിൽപന നടത്തുന്നു.

വാങ്ങുന്നവരെയും വിൽക്കുന്നവരെയും ലോകത്തിന്റെ ഏത് കോണിൽ നിന്നും വേഗത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഓൺലൈൻ മാധ്യമങ്ങളുടെ പ്രധാന ദുരുപയോഗം. വിൽപനക്കാരുടെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെക്കാനുള്ള സൗകര്യം, നിയന്ത്രണ സംവിധാനങ്ങളുടെ പരിമിതികൾ, രാജ്യാതിർത്തികൾ കടന്നുള്ള ഇടപാടുകൾ എന്നിവ പ്രശ്നം സങ്കീർണമാക്കുന്നു. കാണ്ടാമൃഗത്തിന്റെ കൊമ്പ് മുതൽ ജീവനുള്ള പ്രൈമേറ്റുകൾ വരെ ഇത്തരത്തിൽ വിപണിയിലെത്തുന്നുണ്ട്. മുൻപ് അനധികൃത വ്യാപാരത്തിന്റെ ഭാഗമാകാൻ സാധ്യതയില്ലെന്ന് കരുതിയ ചില ജീവിവർഗങ്ങളും ഓൺലൈൻ വിപണിയിൽ എത്തിയത് ഗവേഷകരെ ആശങ്കപ്പെടുത്തുന്നു.

വന്യജീവികളുടെ ഈ അനധികൃത കടത്ത് ജൈവവൈവിധ്യത്തിന് മാത്രമല്ല, മനുഷ്യരാശിക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പുതിയ പ്രദേശങ്ങളിലേക്ക് വിദേശ ജീവിവർഗങ്ങൾ എത്തുന്നത് പ്രാദേശിക ആവാസവ്യവസ്ഥ തകരാനും, വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വിനാശകരമായ രോഗങ്ങൾ പടരാനും ഇടയാക്കും. കൂടാതെ ജൈവവൈവിധ്യ നഷ്ടം ഭക്ഷ്യസുരക്ഷ, പരാഗണം, ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെയും ബാധിക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

Also read: