ദുബൈ ഭരണാധികാരിയുടെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അന്തരിച്ചു; 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇളയ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്ന് ദുബൈ ഭരണാധികാരിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. പ്രമുഖ ദുബൈ രാജകുടുംബാംഗമായ അദ്ദേഹം ദുബൈ പൊലീസ് ഡെപ്യൂട്ടി ചെയർമാനായും അൽവാസൽ ക്ലബ് പ്രസിഡൻ്റുമായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിര്യാണത്തെ തുടർന്ന് ദുബൈയിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പ്രിയ സഹോദരന്റെ വിയോഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഗാധമായ ദുഃഖം രേഖപ്പെടുത്തി. “എന്റെ സഹോദരാ, അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകട്ടെ” എന്ന് അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അദ്ദേഹത്തിന്റെ വിയോഗത്തിൽ ഔദ്യോഗികമായി അനുശോചനം അറിയിച്ചു.