അന്നദാനത്തിന് തയ്യാറാക്കിയ സാമ്പാറിൽ വീണ് പൊള്ളലേറ്റ യുവതി മരിച്ചു
വിജയവാഡ: ഗണേശോത്സവത്തോട് അനുബന്ധിച്ച് നടക്കാനിരുന്ന അന്നദാനത്തിനായി തയ്യാറാക്കിയ ചൂടുള്ള സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. വിജയവാഡ സ്വദേശിനി സുജാത (46) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
അന്നദാനത്തിനുള്ള ഭക്ഷണം തയ്യാറാക്കാൻ സഹായിക്കുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. അടുപ്പിൽ നിന്ന് തിളച്ച സാമ്പാറടങ്ങിയ ചെമ്പ് മറ്റൊരാളുടെ സഹായത്തോടെ മാറ്റിവെക്കാൻ ശ്രമിക്കുന്നതിനിടെ സുജാതയുടെ ബാലൻസ് നഷ്ടപ്പെടുകയും ചെമ്പിലേക്ക് മുഖംകുത്തി വീഴുകയുമായിരുന്നു.
സാരമായി പൊള്ളലേറ്റ സുജാതയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അപകടമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദുരന്തത്തെ തുടർന്ന് പ്രദേശത്തെ ആഘോഷ പരിപാടികൾ മാറ്റിവെച്ചു.