21/10/2026
[fontresizer_tawhidurrahmandear_widget]

“തുടർഭരണം അഹങ്കാരമുണ്ടാക്കി, ബംഗാളിലെ തകർച്ചയിൽനിന്ന് കേരളം പാഠം ഉൾക്കൊണ്ടില്ല”; തുറന്നടിച്ച് തോമസ് ഐസക്ക്

 “തുടർഭരണം അഹങ്കാരമുണ്ടാക്കി, ബംഗാളിലെ തകർച്ചയിൽനിന്ന് കേരളം പാഠം ഉൾക്കൊണ്ടില്ല”; തുറന്നടിച്ച് തോമസ് ഐസക്ക്

തിരുവന്തപുരം: തുടർച്ചയായി ഭരണത്തിലിരിക്കുമ്പോൾ സ്വാഭാവികമായും അഹങ്കാരം ഉണ്ടാകുമെന്നും ബംഗാളിലുണ്ടായ വലിയ തകർച്ച കണ്ടിട്ടും കേരളത്തിലെ പാർട്ടി അതിൽനിന്ന് പാഠം ഉൾക്കൊണ്ടില്ലെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക്ക്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പാർട്ടിക്കും സർക്കാരിനുമെതിരെ തുറന്ന വിമർശനങ്ങൾ ഉന്നയിച്ചത്.

സംസ്ഥാനത്തെ പാർട്ടിയിലുണ്ടായ ദൗർബല്യങ്ങൾ പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല. ഇതിൽ പലതും നേരത്തെ തന്നെ തിരുത്താമായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഇപ്പോൾ തിരുത്തൽ നടപടികളിലേക്ക് കടക്കാൻ പാർട്ടിയെ നിർബന്ധിതരാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന പല സമ്മേളനങ്ങളിലും ബംഗാളിൽ സംഭവിച്ച അപകടത്തെക്കുറിച്ച് കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്ന് പലവട്ടം ഓർമ്മിപ്പിച്ചിട്ടും അതിനോട് ഉദാസീനമായ സമീപനമാണ് ഉണ്ടായത്. ബംഗാളും ത്രിപുരയും കൈവിട്ടുപോയപ്പോഴും കേരളത്തിൽ പാർട്ടി പിടിച്ചുനിന്നു. എന്നാൽ ഭരണം ലഭിച്ചിടത്തേക്ക് മാത്രമായി പ്രസ്ഥാനം ചുരുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായി. പത്ത് വർഷം സർക്കാർ മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടും എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ തോറ്റുവെന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. രണ്ടാം ഭരണത്തിന്റെ കാലത്ത് കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടികൾ കാരണം വരുമാനം കുറഞ്ഞപ്പോൾ മുൻഗണനാ ക്രമം നിശ്ചയിക്കുന്നതിൽ സർക്കാരിന് പിഴവ് സംഭവിച്ചു. പ്രതിസന്ധിയുണ്ടായപ്പോഴും പാവപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ പാടില്ലായിരുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു.

തുടർഭരണം പാർട്ടിയെ ദുർബലമാക്കിയെന്ന വിലയിരുത്തലിനെ വ്യക്തിപരമായി കാണേണ്ടതില്ല. പാർട്ടിയും സർക്കാരും തമ്മിൽ വേണ്ടത്ര ഏകോപനം ഉണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം. അംഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായ നിലപാടെടുക്കാൻ വർഗ, ബഹുജന സംഘടനകൾക്ക് കഴിഞ്ഞില്ല. സർക്കാരിന്റെ നയങ്ങളിൽ എതിർപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാൻ ട്രേഡ് യൂണിയനുകൾക്ക് സാധിക്കണം. മൂന്നാം തവണയും ഭരണം നേടുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ മാറ്റിയതിലെ ശരിതെറ്റുകൾ താൻ ഇപ്പോൾ വിലയിരുത്തുന്നില്ല. തനിക്ക് വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കാത്തതിലോ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയതിലോ യാതൊരു പ്രശ്നങ്ങളുമില്ലെന്നും, പാർട്ടി ഏൽപ്പിച്ച മറ്റ് ചുമതലകൾ തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: