‘വിശ്രമിക്കൂ പ്രിയ സഖാവേ, നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ’; പരിഹാസവുമായി തോമസ് ഐസക്കിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ആലപ്പുഴ: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചതിനെതിരെ തോമസ് ഐസക്കിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ മുകുന്ദൻ. സഖാവ് പിണറായി വിജയൻ വിശ്രമിക്കണമെന്നാണ് ഗോപകുമാർ മുകുന്ദൻ ആവശ്യപ്പെടുന്നത്. ‘വിശ്രമിക്കൂ പ്രിയ സഖാവേ, നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ’ എന്ന് ഗോപകുമാർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. പിണറായി വിജയൻ സർക്കാരിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന ഗോപകുമാർ മുകുന്ദൻ, സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കീഴിലെ അഭിഭാഷക ബ്രാഞ്ച് അംഗവുമാണ്.
“ഇന്ന് സഖാവ് പിണറായി വിജയൻ ഏതോ ഒരു യോഗത്തിൽ പ്രസംഗിക്കാൻ വരുന്ന വിഷ്വൽസ് കണ്ടു. ഇടുങ്ങിയ പോഡിയത്തിൻ്റെ പ്രയാസം പറയുകയാണ് പിണറായി. അടി പിന്നോട്ട് വച്ചാൽ വീഴും. ഈ സ്ഥിതി ഒഴിവാക്കി സഖാവ് പിണറായി വിജയൻ വിശ്രമിക്കുകയല്ലേ വേണ്ടത്. നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ. വിശ്രമിക്കൂ പ്രിയ സഖാവേ” – ഗോപകുമാർ മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
പിണറായി വിജയൻ്റെ പ്രതിപക്ഷ നേതൃസ്ഥാനം തെറ്റായ സന്ദേശം നൽകുമെന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ അടക്കം വിമർശനമുയർന്നിരുന്നു. പിണറായി വിജയൻ്റെ പ്രതിപക്ഷ നേതൃസ്ഥാനം തെറ്റായ സന്ദേശം നൽകുമെന്നും നേതൃത്വം തിരുത്തണമെന്നും ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. പ്രധാനപ്പെട്ട നേതാക്കൾ ആവശ്യം കഴിഞ്ഞാൽ ജനങ്ങളെ മറക്കുകയാണെന്നും എല്ലാവരും ആഢംബരത്തിൽ അഭിരമിക്കുന്നവരാണെന്നും വിമർശനമുണ്ടായി. പാർട്ടിയുടെ രീതിയും ശൈലിയും നഷ്‌ടമായി. നേതാവ് എന്ന് പൊതുജനത്തെ കാണിക്കാൻ ഒരാളില്ല. എല്ലാവർക്കും അവരവരുടെ കാര്യം മാത്രമാണുള്ളത്. എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാനാവില്ല. ജനങ്ങളുമായി അടുപ്പമില്ലാത്തവരെ അവരും അടുപ്പിക്കില്ല. തെരഞ്ഞെടുപ്പ് പരാജയം നല്ല ഉദാഹരണമാണ് എന്നാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. വീണ്ടെടുപ്പ് പ്രയാസമാണെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.
‘ഇങ്ങനെ പറയിപ്പിച്ചത് പഴയ സംഘപരിവാർ പശ്ചാത്തലം; ഹിറ്റ്ലറെ ആരാധിക്കുന്ന...
1 week ago