പെട്ടെന്നുണ്ടാകുന്ന കഠിനമായ നെഞ്ചുവേദന ഹൃദയാഘാതം മാത്രമല്ല; മിനിറ്റുകൾക്കകം അവയവങ്ങളെ ബാധിക്കുന്ന മറ്റൊരു വില്ലനാകാം
പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദന പലപ്പോഴും ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമായാണ് കരുതപ്പെടുന്നത്. എന്നാൽ സമാനമായ രീതിയിൽ അതിതീവ്ര ലക്ഷണങ്ങളുണ്ടാക്കുന്ന അത്യന്തം അപകടകരമായ മറ്റൊരു അടിയന്തിര അവസ്ഥ കൂടിയുണ്ടെന്ന് വിജയവാഡ മണിപ്പാൽ ആശുപത്രിയിലെ കാർഡിയോളജി കൺസൾട്ടന്റ് ഡോ. എൻ. മുരളീ കൃഷ്ണ വ്യക്തമാക്കുന്നു. ‘അയോർട്ടിക് ഡിസെക്ഷൻ’ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
ഹൃദയത്തിൽ നിന്ന് മറ്റ് അവയവങ്ങളിലേക്ക് രക്തം എത്തിക്കുന്ന അയോർട്ട എന്ന വലിയ രക്തക്കുഴലിന്റെ ആന്തരിക പാളിയിലുണ്ടാകുന്ന കീറലാണ് അയോർട്ടിക് ഡിസെക്ഷൻ. ഇത് അപൂർവ്വമായി സംഭവിക്കുന്നതാണെങ്കിലും ഓരോ മിനിറ്റും നിർണായകമാണ്. രോഗനിർണയം വൈകിയാൽ രക്തക്കുഴൽ പൊട്ടൽ, പക്ഷാഘാതം, വൃക്ക തകരാറ് അല്ലെങ്കിൽ മറ്റ് അവയവങ്ങൾക്ക് കേടുപാടുകൾ എന്നിവ സംഭവിക്കാം.
രോഗലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?
അയോർട്ടിക് ഡിസെക്ഷൻ മൂലമുണ്ടാകുന്ന വേദന പെട്ടെന്നും കഠിനവുമാണ്. മൂർച്ചയുള്ളതോ ചീന്തിയെടുക്കുന്നതുപോലെയോ തോന്നുന്ന വേദന നെഞ്ചിൽ നിന്ന് പുറകിലേക്കും അയോർട്ടയിലൂടെ വയറിലേക്കും പടരാൻ സാധ്യതയുണ്ട്.
നിമിഷങ്ങൾക്കുള്ളിലോ മിനിറ്റുകൾക്കുള്ളിലോ നെഞ്ചുവേദനയോ മുകൾഭാഗത്തെ പുറംവേദനയോ പരമാവധി തീവ്രതയിലെത്തിയാൽ സ്വയം ശമിക്കുമെന്ന് കരുതി കാത്തിരിക്കാതെ അടിയന്തിര ചികിത്സ തേടണം. ശ്വാസതടസ്സം, ബോധക്ഷയം, വിയർപ്പ്, ബലഹീനത, വയറുവേദന, പക്ഷാഘാതത്തിന് സമാനമായ ലക്ഷണങ്ങൾ എന്നിവയും ഇതിനോടൊപ്പം കാണപ്പെടാം. ചിലരിൽ അപൂർവ്വമായി ലക്ഷണങ്ങൾ വളരെ കുറവായിരിക്കാനും സാധ്യതയുണ്ട്.
അപകടസാധ്യത ആർക്കൊക്കെ?
ഉയർന്ന രക്തസമ്മർദ്ദം, ബന്ധിത കലകളെ ബാധിക്കുന്ന പാരമ്പര്യ രോഗങ്ങൾ, അയോർട്ടിക് അനൂറിസം, ബൈകസ്പിഡ് അയോർട്ടിക് വാൽവ്, കുടുംബ ചരിത്രം എന്നിവയുള്ളവർക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്. വാർദ്ധക്യം ഒരു ഘടകമാണെങ്കിലും ചെറുപ്പക്കാരിലും ഇത് കണ്ടുവരാറുണ്ട്.
രണ്ടു കൈകളിലെയും രക്തസമ്മർദ്ദം, പൾസ്, ഇ.സി.ജി, രക്തപരിശോധന എന്നിവയിലൂടെ പ്രാഥമിക പരിശോധന നടത്താം. അയോർട്ടിക് ഡിസെക്ഷൻ സംശയമുണ്ടെങ്കിൽ സി.ടി ആൻജിയോഗ്രാഫി വഴി കീറലിന്റെ സ്ഥാനവും വ്യാപ്തിയും വ്യക്തമായി കണ്ടെത്താൻ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്നറിയിപ്പുകളും
- കഠിനമായ നെഞ്ചുവേദനയോടൊപ്പം മറ്റ് ലക്ഷണങ്ങളും കണ്ടാൽ ഉടൻ അത്യാഹിത വിഭാഗത്തിൽ എത്തുക.
- സ്വയം വാഹനമോടിച്ച് ആശുപത്രിയിൽ പോകരുത്.
- ഭാരം ഉയർത്തുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ആണ് വേദന ആരംഭിക്കുന്നതെങ്കിലും പേശിവേദനയാണെന്ന് കരുതി അവഗണിക്കരുത്.
- വേദന എപ്പോൾ തുടങ്ങി, എത്ര വേഗത്തിൽ വർധിച്ചു, എവിടെയൊക്കെ പടർന്നു, ബോധക്ഷയമോ ശ്വാസതടസ്സമോ ഉണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങൾ മെഡിക്കൽ ടീമിനോട് കൃത്യമായി വിശദീകരിക്കുക.
‘ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ; നെടുമ്പാശേരി അപകടത്തിലെ...
2 hours ago