ഡാറ്റ ആവശ്യമില്ലാത്തവർക്ക് ആശ്വാസം: കുറഞ്ഞ നിരക്കിൽ വോയ്സ്-എസ്എംഎസ് പ്ലാനുകളുമായി ട്രായ്
ന്യൂഡൽഹി: ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാത്ത മൊബൈൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഡാറ്റ സേവനങ്ങൾ ഒഴിവാക്കിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള വോയ്സ്-എസ്എംഎസ് റീചാർജ് പ്ലാനുകൾ ലഭ്യമാക്കാൻ ടെലികോം സേവനദാതാക്കൾക്ക് ട്രായ് നിർദേശം നൽകി. ഇതിനായി ‘ടെലികോം ഉപഭോക്തൃ സംരക്ഷണ റെഗുലേഷൻസ് 2026’ പുറത്തിറക്കി.
പുതിയ ചട്ടപ്രകാരം, ഡാറ്റ ഉൾപ്പെടുന്ന സമാന പ്ലാനുകളേക്കാൾ കുറഞ്ഞ നിരക്കിൽ 30 ദിവസമോ അതിൽ താഴെയോ വാലിഡിറ്റിയുള്ള പ്രത്യേക വോയ്സ്-എസ്എംഎസ് വൗച്ചറുകൾ കമ്പനികൾ നൽകണം. കൂടാതെ, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന പ്ലാനും ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനും ഉൾപ്പെടുത്തണം.
മുതിർന്ന പൗരന്മാർ, അടിസ്ഥാന ഫോണുകൾ ഉപയോഗിക്കുന്നവർ, കുറഞ്ഞ വരുമാനക്കാർ എന്നിവർക്ക് ഡാറ്റ പ്ലാനുകൾ അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി 2026 മാർച്ച് 11-ന് ലോക്സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സർക്കാരിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ട്രായ് നടപടി.
കരട് ഭേദഗതിയിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും ചർച്ചകളും ക്രോഡീകരിച്ച ശേഷമാണ് തീരുമാനമെടുത്തത്. ആവശ്യമുള്ള സേവനങ്ങൾക്ക് മാത്രം പണം നൽകിയാൽ മതിയെന്നത് സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്യും. എംപിയുടെ പാർലമെന്റിലെ ഇടപെടലാണ് ഈ നിർണായക നയപരമായ മാറ്റത്തിന് വഴിയൊരുക്കിയത്.