‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കം; കുഞ്ഞുകൈകളിൽ 22 കാരറ്റ് സ്വർണമോതിരമണിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്ക് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണമോതിരം നൽകുന്ന ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിക്ക് തുടക്കമായി. മധുരൈ ഗവൺമെൻ്റ് രാജാജി ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചാണ് സർക്കാർ പുതിയ ക്ഷേമപദ്ധതി നടപ്പിലാക്കുന്നത്.
755.83 കോടി രൂപ വകയിരുത്തിയിട്ടുള്ള പദ്ധതിയിലൂടെ മാതൃത്വം ആദരിക്കുക, സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. 2026 ജൂൺ 22നോ അതിനുശേഷമോ സർക്കാർ ആശുപത്രികളിൽ ജനിച്ച, തമിഴ്നാട് സ്വദേശികളായ അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.
ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നതിനായി 1.28 ലക്ഷം സ്വർണമോതിരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 107 കേന്ദ്രങ്ങൾ വഴി ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 കുട്ടികൾക്ക് എന്ന തോതിലാണ് നിലവിൽ വിതരണം നടക്കുന്നത്. ഉദ്ഘാടന തീയതി മുതൽ ജനിക്കുന്ന കുട്ടികൾക്ക് ആശുപത്രി വിടുന്ന സമയത്തുതന്നെ മോതിരം കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, മരുന്നുകളും മറ്റ് മെഡിക്കൽ സാമഗ്രികളും വാങ്ങുന്ന തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപറേഷനെ സ്വർണമോതിരം വാങ്ങാൻ ചുമതലപ്പെടുത്തിയതിൽ പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതിയെന്നും നിയമോപദേശം തേടി ഇത് കാര്യക്ഷമമായി നടപ്പിലാക്കുമെന്നും ടിവികെ വ്യക്തമാക്കി.