28/03/2026
[fontresizer_tawhidurrahmandear_widget]

‘ഹരിയാനയിൽ നടന്ന വോട്ട് കൊള്ള തന്നെയാണ് മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും മഹാരാഷ്ട്രയിലും സംഭവിച്ചത്’ ; പ്രഖ്യാപനവുമായി രാഹുൽ

 ‘ഹരിയാനയിൽ നടന്ന വോട്ട് കൊള്ള തന്നെയാണ് മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും മഹാരാഷ്ട്രയിലും സംഭവിച്ചത്’ ; പ്രഖ്യാപനവുമായി രാഹുൽ

ചണ്ഡീഗഢ്: മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ഹരിയാനയിലേതുപോലെ ‘വോട്ട് കൊള്ള’ നടന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പുനഃപരിശോധന (എസ്ഐആർ), ഈ വോട്ട് മോഷണങ്ങൾ മറച്ചുവെക്കാനും അതിനെ സ്ഥാപനവൽക്കരിക്കാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

​മധ്യപ്രദേശിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരുടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ പച്ച്മറിയിലെത്തിയ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

​”വോട്ട് മോഷണമാണ് ഇവിടെ വിഷയം. അത് മറച്ചുവെച്ച് വ്യവസ്ഥാപിതമാക്കാനാണ് എസ്ഐആർ ലക്ഷ്യമിടുന്നത്,”-അദ്ദേഹം പറഞ്ഞു.

​ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ, അതായത് എട്ടിൽ ഒരു വോട്ട് എന്ന കണക്കിൽ, മോഷ്ടിക്കപ്പെട്ടതായി താൻ നൽകിയ പ്രസന്റേഷനിൽ വ്യക്തമായിരുന്നു. ഈ വിവരങ്ങൾ വിലയിരുത്തിയ ശേഷം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും ഇതേപോലെ സംഭവിച്ചുവെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം വാദിച്ചു. ഇത് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന ഒരു ‘സിസ്റ്റം’ ആണെന്നും രാഹുൽ ആരോപിച്ചു.

​ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണിതെന്നും, ഭരണഘടനയെയാണ് തകർക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും ചേർന്ന് നേരിട്ട് നടത്തുന്ന കൂട്ടുകെട്ടാണിത്. ഇത് രാജ്യത്തിന് വലിയ ദോഷമുണ്ടാക്കുമെന്നും അദ്ദേഹം വിമർശിച്ചു. വോട്ട് മോഷണം സംബന്ധിച്ച കൂടുതൽ തെളിവുകൾ ഓരോന്നായി, ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നും രാഹുൽ വ്യക്തമാക്കി.

Also read: