മൊറോക്കോയിൽ ചരിത്രം കുറിച്ച് ഫാത്തിമ സഹ്റ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി
റബാത്ത്: മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ സഹ്റ മസൂരിയെ രാജാവ് മുഹമ്മദ് ആറാമൻ നിയമിച്ചു. പുതിയ മന്ത്രിസഭ രൂപീകരിക്കാൻ രാജാവ് ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ അറബ് വനിതയാണ് അമ്പതുകാരിയായ സഹ്റ. രാജ്യ ചരിത്രത്തിലെ നിർണായക അധ്യായവും മൊറോക്കോയിലെ മുഴുവൻ സ്ത്രീകൾക്കും അഭിമാന നിമിഷവുമാണിതെന്ന് നിയമനത്തിന് പിന്നാലെ അവർ പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ 395-ൽ 97 സീറ്റുകൾ നേടി സഹ്റയുടെ ഒതെന്റിസിറ്റി ആൻഡ് മോഡേണിറ്റി പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാൽ കേവല ഭൂരിപക്ഷത്തിന് 198 സീറ്റുകൾ വേണമെന്നിരിക്കെ, മറ്റ് പാർട്ടികളെ ഏകോപിപ്പിച്ച് സഖ്യസർക്കാർ രൂപീകരിക്കുകയാണ് പ്രധാന വെല്ലുവിളി. അതേസമയം ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി ഉൾപ്പെടെയുള്ള കക്ഷികൾ പ്രതിപക്ഷത്ത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
2030-ൽ മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യ വികസനവും ശതകോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളും നടപ്പിലാക്കേണ്ട ചുമതല പുതിയ സർക്കാരിനായിരിക്കും.
നിയമ ബിരുദധാരിയായ സഹ്റ 2009-ൽ മർറാകേഷിന്റെ ആദ്യ വനിതാ മേയറായാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2021 മുതൽ നഗരാസൂത്രണ, ഭവന നിർമാണ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2021 മുതൽ 2023 വരെ ടുണീഷ്യയിൽ പ്രധാനമന്ത്രിയായിരുന്ന നജ്ല ബൂഡനാണ് അറബ് ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി.