‘ആദ്യം മൂത്തമകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി, മരണം ഉറപ്പാക്കിയ ശേഷം ഇളയ മകനെയും’: കൊഴിഞ്ഞാമ്പാറയിൽ കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ നിർണായക മൊഴി
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ നിവേദ്യയുടെ നിർണായക മൊഴി പുറത്ത്. അഞ്ച് വയസ്സുള്ള മൂത്ത മകൾ ജെനിഫർ ജൂലിയറ്റിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി മരണം ഉറപ്പാക്കിയ ശേഷമാണ്, മൂന്ന് വയസ്സുള്ള ഇളയ മകൻ റോബിൻ ക്രിസ്റ്റിഫറിനെയും കൊലപ്പെടുത്തിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കൊഴിഞ്ഞാമ്പാറ മേനോൻപാറയിലെ വാടകവീട്ടിലെ കുളിമുറിക്കുള്ളിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് സ്വദേശിയായ വിറകുവെട്ടു തൊഴിലാളി ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ചെറിയ ടാങ്ക് ആയതിനാൽ അഞ്ചുവയസ്സുകാരി മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണെന്നതും, നിവേദ്യയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുള്ളതും പൊലീസിന് സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മോഡലിംഗിന് പോകുന്നതിന് കുട്ടികൾ തടസ്സമാകുമെന്ന് കണ്ടാണ് കൊലപാതകം നടത്തിയതെന്ന് നിവേദ്യ കുറ്റസമ്മതം നടത്തുകയായിരുന്നു. രണ്ടുമാസം മുമ്പാണ് ഈ കുടുംബം കൊഴിഞ്ഞാമ്പാറയിലെ വാടകവീട്ടിൽ താമസത്തിനെത്തിയത്. സംഭവത്തിൽ അമ്മയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.