01/10/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങൾ മലബാർ നായന്മാരാണ്, പെരുന്നയിൽ പോയി ഓച്ഛാനിച്ച് നിൽക്കാൻ എന്നെ കിട്ടില്ല’; ജി. സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് മേജർ രവി

 ‘ഞങ്ങൾ മലബാർ നായന്മാരാണ്, പെരുന്നയിൽ പോയി ഓച്ഛാനിച്ച് നിൽക്കാൻ എന്നെ കിട്ടില്ല’; ജി. സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് മേജർ രവി

ഒറ്റപ്പാലം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും സംവിധായകനുമായ മേജർ രവി. സുകുമാരൻ നായരുടെ അഹങ്കാരവും ധാർഷ്ട്യവും അംഗീകരിക്കാനാകില്ലെന്നും, പെരുന്നയിൽ പോയി അദ്ദേഹത്തിന് മുന്നിൽ ഓച്ഛാനിച്ച് നിൽക്കാൻ തന്നെ കിട്ടില്ലെന്നും മേജർ രവി തുറന്നടിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

മക്കളെ എൻ.എസ്.എസ് കോളേജിൽ പഠിപ്പിക്കാനോ ഭാര്യയ്ക്ക് അവിടെ ജോലി വാങ്ങാനോ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. തങ്ങൾ മലബാർ നായന്മാരാണെന്നും, ആരുടെ മുന്നിലും തലകുനിക്കുന്ന ശീലം പണ്ടേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന് വേണ്ടി പോരാടേണ്ടവരാണ് തങ്ങളെന്നാണ് അച്ഛൻ പഠിപ്പിച്ചത്. ഏതെങ്കിലും പ്രശ്നമുണ്ടായാൽ എല്ലാവർക്കും വേണ്ടി മുന്നിട്ടിറങ്ങുന്ന പാരമ്പര്യമാണ് തന്റേതെന്നും, അല്ലാതെ ആർക്കെങ്കിലും മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്ന പരിപാടി തനിക്കില്ലെന്നും മേജർ രവി പറഞ്ഞു.

പെരുന്നയിൽ നിന്ന് നിർദ്ദേശം നൽകിയാൽ ഒറ്റപ്പാലത്തെ നായന്മാർ തനിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. അങ്ങനെ വോട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാർ മണ്ടന്മാരാണ്. സമുദായം ഒന്നടങ്കം വോട്ട് ചെയ്യുന്നത് പാണക്കാട് തങ്ങൾ പറഞ്ഞാൽ മാത്രമായിരിക്കും; കാരണം അവരുടെ ഐക്യം മറ്റൊന്നാണ്. സുകുമാരൻ നായരുടെ ധാർഷ്ട്യം തനിക്ക് പണ്ടേ ഇഷ്ടമല്ല. ഈ അഹങ്കാരം കാരണമാണ് മുഖ്യമന്ത്രി പിണറായി വിജയനെയും തനിക്ക് ഇഷ്ടമല്ലാതായത്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചിരിക്കുന്ന മുഖമുള്ള, അംഗീകരിക്കാൻ തോന്നുന്ന ഒരു നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശി തരൂരിനെപ്പോലെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഒരു വ്യക്തി പെരുന്നയിൽ ചെന്നപ്പോൾ അദ്ദേഹത്തെ ഇരിക്കാൻ പോലും അനുവദിക്കാതെ സുകുമാരൻ നായർ അപമാനിച്ചു. ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ച, ലോകമറിയുന്ന ഒരു വ്യക്തിയെ ബഹുമാനിക്കണമെങ്കിൽ സുകുമാരൻ നായർ ആദ്യം തന്റെ അഹങ്കാരം മാറ്റിവെക്കണം. യു.എൻ എന്താണെന്ന് പോലുമറിയാത്തവരാണ് തരൂരിനെ അപമാനിക്കുന്നതെന്നും മേജർ രവി വിമർശിച്ചു.

തനിക്ക് ചെലവിന് തരുന്നത് ഒരു രാഷ്ട്രീയ പാർട്ടിയോ സമുദായ സംഘടനയോ അല്ല. സൈന്യത്തിൽ സേവനം അനുഷ്ഠിച്ചതിന്റെ പെൻഷൻ തനിക്കുണ്ടെന്നും അത് മാത്രം മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: