കാസർകോട് ബോർവെൽ ട്രാക്ടർ വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
കാസർകോട്: വെള്ളരിക്കുണ്ട് വരക്കാട്ടിൽ ബോർവെൽ ട്രാക്ടർ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. വരക്കാട് ബാങ്കിന് സമീപമുള്ള വലിയ ഇറക്കത്തിൽ വെച്ച് ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് സമീപത്ത് ജെയ്സണും കുടുംബവും താമസിച്ചിരുന്ന വാടക വീട്ടിന് മുകളിലേക്ക് വാഹനം മറിയുകയായിരുന്നു.
അപകടസമയത്ത് ട്രാക്ടറിൽ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരണപ്പെട്ട ഇരുപേരും.