‘ഇന്ത്യയില്‍ ഇനിയുമൊരു ജിന്ന വേണ്ട’, ‘ആ പാത പിന്തുടരാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പിടിച്ചുകെട്ടും’ ; യോഗി ആദിത്യനാഥ്
ഗോരഖ്പൂര്‍: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന വിഭജന ശക്തികള്‍ക്കെതിരെ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയില്‍ ഒരിക്കലും പുതിയൊരു ജിന്നയും ഉയര്‍ന്നുവരരുതെന്നും അദ്ദേഹം പറഞ്ഞു. യുപിയില്‍ സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കുമെന്നും യോഗി പ്രഖ്യാപിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗോരഖ്പൂരില്‍ സംഘടിപ്പിച്ച ‘ഏകതാ യാത്ര’യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒക്ടോബര്‍ 31-ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാതെ, ആളുകള്‍ ലജ്ജയില്ലാതെ ജിന്നയെ ആദരിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നത് ശരിയായ നടപടിയല്ല. നമ്മുടെ നായകന്മാരെ ബഹുമാനിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന് എന്ത് സംഭവിക്കുമെന്ന് നാം ഓര്‍മിക്കണം.’- യോഗി ആദിത്യനാഥ് പറഞ്ഞു.
ജിന്നയുടെ പാത പിന്തുടരാന്‍ ആരെങ്കിലും തുനിഞ്ഞാല്‍, അവര്‍ ഭീഷണി ഉയര്‍ത്തുന്നതിന് മുന്‍പ് തന്നെ അവരെ തടയണമെന്നും, ഇന്ത്യയുടെ അഖണ്ഡതയെ വെല്ലുവിളിക്കാന്‍ ഭാവിയില്‍ ഒരു ‘ജിന്നയും’ ജനിക്കരുതെന്നും യുപി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യു.പിയിലെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും ദേശീയ ഗാനമായ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അഭിമാനത്തോടെയും കൃതജ്ഞതയോടെയും ‘വന്ദേമാതരം’ ആലപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.