27/01/2026

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി ഭൂട്ടാനില്‍

 ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി ഭൂട്ടാനില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭൂട്ടാനിലേക്ക് തിരിച്ചു. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യാല്‍ വാങ്ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളില്‍ പങ്കുചേരുന്നതിനും, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് സന്ദര്‍ശനം.

ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യാല്‍ വാങ്ചുക്ക്, അദ്ദേഹത്തിന്റെ പിതാവും മുന്‍ രാജാവുമായ ജിഗ്മേ സിംഗ്യേ വാങ്ചുക്ക്, പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗെ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.

‘എന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധങ്ങളെ കൂടുതല്‍ ആഴത്തിലാക്കുമെന്നും, പങ്കിട്ട പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള നമ്മുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്.’-സന്ദര്‍ശനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയില്‍ മോദി പറഞ്ഞു.

സന്ദര്‍ശനത്തിന്റെ ഭാഗമായി പുനാത്സാങ്ചു ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. ഇത് ഭൂട്ടാനുമായുള്ള ഇന്ത്യയുടെ ഊര്‍ജ്ജ പങ്കാളിത്തത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഭൂട്ടാനില്‍ നടന്ന ആഗോള സമാധാന പ്രാര്‍ത്ഥനാ ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ബുദ്ധന്റെ തിരുശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ആത്മീയ ബന്ധത്തെ പ്രതിഫലിക്കുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പരസ്പര വിശ്വാസത്തിലും ധാരണയിലുമൂന്നിയ സൗഹൃദവും സഹകരണവും അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഒരു മാതൃകയാണ്. ഈ സന്ദര്‍ശനം ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകരുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Also read: