19/10/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലിലേക്ക് പാകിസ്താൻ പൈലറ്റുമാർക്ക് വിലക്ക്: എയർ ഫ്രാൻസ് നടപടി ശക്തമാക്കി

 ഇസ്രയേലിലേക്ക് പാകിസ്താൻ പൈലറ്റുമാർക്ക് വിലക്ക്: എയർ ഫ്രാൻസ് നടപടി ശക്തമാക്കി

തെൽ അവീവ്: ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും വിലക്കേർപ്പെടുത്തി ഇസ്രയേൽ ഗതാഗത മന്ത്രാലയം. ഇതേത്തുടർന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളിൽ നിന്ന് പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജീവനക്കാരെ ഒഴിവാക്കാൻ എയർ ഫ്രാൻസ് ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികൾ തീരുമാനിച്ചു.

സെപ്റ്റംബർ 30-ന് ഫ്ലൈ ദുബൈ വിമാനത്തിൽ ഒമാനി സഹപൈലറ്റ് ഭീകരാക്രമണത്തിന് ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് ഇസ്രയേൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഇസ്രയേലുമായി ഔദ്യോഗിക ബന്ധമില്ലാത്ത 31 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഇരട്ട പൗരത്വമുള്ളവർക്കും തെൽ അവീവിലേക്കുള്ള വിമാനങ്ങളിൽ ജോലി ചെയ്യുന്നതിനാണ് നിരോധനം. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, ഖത്തർ, സൗദി അറേബ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പട്ടികയിലുണ്ട്.

പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നതോടെ എയർ ഫ്രാൻസ്, യുണൈറ്റഡ് എയർലൈൻസ്, സ്മാർട്ട് വിംഗ്സ് തുടങ്ങിയ മുൻനിര എയർലൈനുകൾ തങ്ങളുടെ ക്രൂ-പ്ലാനിങ് നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തി. എയർ ഫ്രാൻസ് തങ്ങളുടെ ജീവനക്കാരോട് രണ്ടാമത്തെ പൗരത്വം വെളിപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്തോനേഷ്യൻ പൈലറ്റ് പറത്തിയ എത്യോപ്യൻ എയർലൈൻസ് വിമാനം യാത്രതിരിച്ച് ഒരു മണിക്കൂറിന് ശേഷം തിരികെ വിളിച്ചയക്കാൻ ഇസ്രയേൽ അധികൃതർ ഉത്തരവിട്ടിരുന്നു. തുടർന്ന് അഡിസ് അബാബയിൽ വിമാനമിറക്കി പൈലറ്റിനെ മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്.

നേരത്തെ ഇത്തരം സുരക്ഷാ പരിശോധനകൾ ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിയും ഗതാഗത മന്ത്രാലയവും വ്യവസ്ഥാപിതമായി നടത്തിയിരുന്നില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇസ്രയേലിന്റെ നിയന്ത്രണങ്ങൾ പാലിക്കാൻ നിർബന്ധിതരാകുമെന്നാണ് സൂചന.

Also read: