‘മോദിജീ, വിറയ്ക്കുന്നുണ്ടല്ലേ? അഞ്ച് ദിവസമായി സൗരവിനേയും അശുതോഷിനേയും പിടിച്ചുകൊണ്ടുപോയിട്ട്; ഒരു ലാത്തിയടിക്കും മാപ്പില്ല, ഞങ്ങളെല്ലാം ഓർത്തിരിക്കും; മര്യാദയ്ക്ക് അവരെ പുറത്തിറക്ക്’; പ്രകാശ് രാജ്
ന്യൂഡൽഹി: ദേശീയപതാകയേന്തി പ്രതിഷേധിച്ച കോക്കറോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസിനെയും അഷുതോഷ് റാങ്കയെയും കസ്റ്റഡിയിൽ വെച്ചിരിക്കുന്ന നടപടിയിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. മോദി ഭരണകൂടം ഭയന്നിരിക്കുകയാണെന്നും, സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ തുറന്നുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മോദി സർക്കാരിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
“മോദിജീ, വിറയ്ക്കുന്നുണ്ടല്ലേ? അഞ്ച് ദിവസമായി സൗരവിനെയും അഷുതോഷിനെയും പിടിച്ചുകൊണ്ടുപോയിട്ട്. കയ്യിൽ ദേശീയപതാകയേന്തി പ്രതിഷേധിച്ചു എന്ന ഒറ്റ കാരണത്താലാണ് അവരെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. നടപടിക്രമങ്ങളെത്തന്നെ നിങ്ങൾ ഒരു ശിക്ഷയായി മാറ്റുകയാണ്. യാതൊരു ലജ്ജയുമില്ലാതെ ന്യായീകരണങ്ങൾ നിരത്തി ജാമ്യം മനപ്പൂർവം വൈകിപ്പിക്കുന്നു. അനാവശ്യമായി അവരെ പീഡിപ്പിക്കുന്ന ഓരോ നിമിഷവും, പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിച്ച ഓരോ ലാത്തിയടിയും ഈ രാജ്യം ഓർമിച്ചുവെക്കും. ഈ അതിക്രമങ്ങൾക്ക് നിങ്ങളോട് ആരും പൊറുക്കില്ല,” പ്രകാശ് രാജ് വീഡിയോയിൽ പറഞ്ഞു.
ഗുണ്ടകളായ ആളുകളെ വളരെ എളുപ്പത്തിൽ ജാമ്യത്തിൽ വിടുന്നത് ജനങ്ങൾ കാണുന്നുണ്ടെന്നും, എന്നാൽ സമാധാനപരമായി പ്രതിഷേധിച്ച ഈ യുവാക്കളെ വിട്ടയക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതികാര ബുദ്ധിയോടെയുള്ള ഈ നടപടികൾ അവസാനിപ്പിച്ച്, ജനങ്ങൾ പറയുന്നത് കേൾക്കാനും അവർക്ക് മറുപടി നൽകാനും ഭരണകൂടം തയ്യാറാകണം. കസ്റ്റഡിയിലുള്ള യുവാക്കളെ ഉടനടി, മര്യാദയ്ക്ക് പുറത്തിറക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച ജന്തർമന്തറിൽ ദേശീയപതാകയേന്തി പ്രതിഷേധിച്ചതിനാണ് സി.ജെ.പി വക്താവ് സൗരവ് ദാസിനെയും കോ-കൺവീനർ അഷുതോഷ് റാങ്കയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ജന്തർമന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു ഇവരുടെ പ്രതിഷേധം. തുടർന്ന് ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ജാമ്യ നടപടികൾ ഭരണകൂടം ബോധപൂർവം വൈകിപ്പിക്കുകയാണെന്ന് സിജെപി നേതൃത്വവും ആരോപിച്ചിട്ടുണ്ട്.