19/10/2026
[fontresizer_tawhidurrahmandear_widget]

‘ഭീകരവാദികളെ പിന്തുണയ്ക്കുന്നയാൾ, ഇറങ്ങിപ്പോകൂ’; ബെൻ ഗ്വിറിന്റെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിഷേധിച്ച് വിദ്യാർഥികൾ

 ‘ഭീകരവാദികളെ പിന്തുണയ്ക്കുന്നയാൾ, ഇറങ്ങിപ്പോകൂ’; ബെൻ ഗ്വിറിന്റെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിഷേധിച്ച് വിദ്യാർഥികൾ

തെൽ അവിവ്: തീവ്രദേശീയവാദിയും ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിറിന്റെ തെൽ അവിവ് സർവകലാശാലയിലെ പ്രസംഗം വിദ്യാർഥികൾ തടസ്സപ്പെടുത്തി. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ ‘സ്റ്റാൻഡിങ് ടുഗെദർ’ എന്ന ഇടത് വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബെൻ ഗ്വിർ പ്രസംഗവേദിയിലെത്തിയ ഉടൻ തന്നെ വിദ്യാർഥികൾ കസേരകളിൽ എഴുന്നേറ്റു നിന്ന് മുദ്രാവാക്യങ്ങളുമായി അദ്ദേഹത്തിൻ്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് പ്രതിഷേധക്കാരും ബെൻ ഗവിറിന്റെ അനുയായികളും തമ്മിൽ വേദിയിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ചില പ്രവർത്തകർ വേദിക്ക് സമീപം തറയിൽ കിടന്നും ബെൻ ഗ്വിറിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. “ഫാസിസം ഇവിടെ നടപ്പില്ല” എന്ന് അവർ ആക്രോശിച്ചു.

“നിങ്ങളുടെ നയങ്ങൾ മനുഷ്യരുടെ ജീവനെടുക്കുന്നു. കുറ്റകൃത്യങ്ങളും സ്ത്രീ കൊലപാതകങ്ങളും റെക്കോർഡ് നാളുകളിൽ വർദ്ധിക്കാൻ ഇത് കാരണമാകുന്നു. നിങ്ങൾ ഞങ്ങളുടെയെല്ലാം ജീവൻ അപകടത്തിലാക്കുകയാണ്,” എന്നും പ്രതിഷേധക്കാർ പറഞ്ഞു. കൂടാതെ, “ഭീകരവാദികളെ പിന്തുണയ്ക്കുന്നയാൾ, ഇവിടെനിന്നും ഇറങ്ങിപ്പോകൂ” എന്നും സമരക്കാർ വിളിച്ചുപറഞ്ഞു. ഈ സമയം പ്രതിഷേധക്കാരെ അഭിമുഖീകരിച്ചുകൊണ്ട് ബെൻ ഗവിർ, “മൻസൂർ അബ്ബാസിന് സംസാരിക്കാൻ അനുവാദമുണ്ടോ? എന്നാൽ എനിക്ക് സംസാരിക്കാൻ പാടില്ലേ? ഇത് നിങ്ങളുടെ കാപട്യമാണ്” എന്ന് തിരിച്ചു ചോദിച്ചു.

സംഭവത്തിന് ശേഷം ‘സ്റ്റാൻഡിങ് ടുഗെദർ’ വിദ്യാർഥി സംഘടന ഒരു പ്രസ്‌താവന പുറത്തിറക്കി. “കുറ്റവാളിയായ ഭീകരവാദ അനുകൂലിയെ ഞങ്ങളുടെ കാമ്പസിൽ ഇന്ന് ഞങ്ങൾ തടഞ്ഞിരിക്കുന്നു. അടുത്ത ചൊവ്വാഴ്ച, അദ്ദേഹത്തെയും കഹാനിസ്റ്റ് സർക്കാരിനെയും അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഞങ്ങൾ വോട്ടുചെയ്യും” എന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരക്കാർ സർവകലാശാലയിൽ സ്വാഗതാർഹരല്ലെന്നും അദ്ദേഹത്തിന് ഇവിടെയോ മറ്റെവിടെയെങ്കിലുമോ യാതൊരുവിധ സാധുതയുമില്ലെന്നും പ്രവർത്തകർ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരെ വോട്ട് ചെയ്യാനും അവർ ആഹ്വാനം ചെയ്തു.

Also read: