21/10/2026
[fontresizer_tawhidurrahmandear_widget]

മലയാളി ചരിത്രകാരൻ ഡോ. മഹ്മൂദ് കൂരിയക്ക് 1.26 കോടിയുടെ ബ്രിട്ടീഷ് പുരസ്‌കാരം | Mahmood Kooria Philip Leverhulme Prize

 മലയാളി ചരിത്രകാരൻ ഡോ. മഹ്മൂദ് കൂരിയക്ക് 1.26 കോടിയുടെ ബ്രിട്ടീഷ് പുരസ്‌കാരം | Mahmood Kooria Philip Leverhulme Prize

ലണ്ടൻ: അന്താരാഷ്ട്ര ചരിത്ര ഗവേഷണ മേഖലയിലെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നായ ഫിലിപ് ലിവർഹ്യൂം പുരസ്‌കാരം സ്വന്തമാക്കി പ്രമുഖ മലയാളി ചരിത്രകാരൻ ഡോ. മഹ്മൂദ് കൂരിയ(Mahmood Kooria Philip Leverhulme Prize). ആഗോള ചരിത്രരചനാരീതികളെ പുനർനിർവചിക്കുന്ന പ്രതിഭാധനരായ യു.കെ ആസ്ഥാനമായുള്ള യുവഗവേഷകർക്ക് ലിവർഹ്യൂം ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. ഒരു ലക്ഷം ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 1.26 കോടി രൂപ) അടങ്ങുന്നതാണ് അവാർഡ്. നിലവിൽ സ്‌കോട്ലൻഡിലെ എഡിൻബറ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഹിസ്റ്ററി, ക്ലാസിക്‌സ് ആൻഡ് ആർക്കിയോളജി വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ് മലപ്പുറം സ്വദേശിയായ ഡോ. മഹ്മൂദ് കൂരിയ.

ചരിത്ര രചനയിലെ വേറിട്ട വഴികൾ | Mahmood Kooria Philip Leverhulme Prize

ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലെ മാതൃദായ ക്രമം പിന്തുടരുന്ന മുസ്ലിം സമൂഹങ്ങളെക്കുറിച്ചുള്ള പുസ്തകം പൂർത്തിയാക്കാനും മധ്യകാല ഏഷ്യയിലെ ആഫ്രിക്കൻ നിയമജ്ഞരെയും ബുദ്ധിജീവികളെയും കുറിച്ചുള്ള പഠനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും പുരസ്‌കാരം സഹായകമാകുമെന്ന് ഡോ. മഹ്മൂദ് കൂരിയ വ്യക്തമാക്കി. ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന ചരിത്രരേഖാ കേന്ദ്രങ്ങൾ സന്ദർശിച്ച് ആഫ്രിക്കൻ വംശജരായ സമൂഹങ്ങളുടെ ചരിത്ര പാരമ്പര്യത്തെക്കുറിച്ച് പഠിക്കാൻ ഈ അവസരം വിനിയോഗിക്കും.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യുന്ന ദീർഘകാല പദ്ധതിക്കായി ആഗോളതലത്തിൽ ഗവേഷകരുടെ ശൃംഖല വികസിപ്പിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നു. കെനിയ, ടാൻസാനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായും പണ്ഡിതന്മാരുമായും സഹകരിച്ച് ഗവേഷണ കൂട്ടായ്മ രൂപീകരിക്കാനും യുകെ, യൂറോപ്പ് എന്നിവയ്ക്ക് പുറത്തുനിന്നുള്ള ഫണ്ടിങ് സാധ്യതകൾ കണ്ടെത്താനും യാത്രകൾ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ചരിത്ര നേട്ടം കൈവരിച്ച ഡോ. മഹ്മൂദ് കൂരിയയെ എഡിൻബറ സർവകലാശാല അധികൃതർ അഭിനന്ദിച്ചു.

കേരളത്തിൽനിന്ന് ആഗോള അക്കാദമിക് ലോകത്തേക്ക് | Mahmood Kooria Philip Leverhulme Prize

മലപ്പുറം ജില്ലയിലെ പനങ്ങാങ്ങരയിൽ ജനിച്ചുവളർന്ന ഡോ. മഹ്മൂദ് കൂരിയ, മലപ്പുറം ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നാണ് ബിരുദപഠനം പൂർത്തിയാക്കിയത്. തുടർന്ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ(ജെഎൻയു) നിന്ന് പ്രാചീന ഇന്ത്യൻ ചരിത്രത്തിൽ എംഎയും ചരിത്രവും ലാൻഡ്‌സ്‌കേപ്പ് ആർക്കിയോളജിയും സമന്വയിപ്പിച്ചുള്ള പഠനത്തിൽ എംഫിലും നേടി. ജെഎൻയുവിലെ പഠനകാലത്താണ് ഇന്ത്യൻ മഹാസമുദ്ര ചരിത്രത്തിലേക്ക് അദ്ദേഹം ആഴത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

തുടർന്ന് 2016ൽ നെതർലൻഡ്‌സിലെ ലെയ്ഡൻ സർവകലാശാലയിൽനിന്ന് ആഗോള ചരിത്രത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി. നോർവേയിലെ ബെർഗൻ സർവകലാശാല, ഇന്ത്യയിലെ അശോക സർവകലാശാല, ഇന്തോനേഷ്യയിലെ നാഷണൽ ഇസ്ലാമിക് സർവകലാശാല ജക്കാർത്ത എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു. 2023 ഡിസംബറിലാണ് അദ്ദേഹം എഡിൻബറ സർവകലാശാലയിൽ അധ്യാപകനായി ചേരുന്നത്.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഏഷ്യൻ സ്റ്റഡീസ്, ആഫ്രിക്കൻ സ്റ്റഡീസ് സെന്റർ ലെയ്ഡൻ, മൊറോക്കോയിലെ ഡച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ സോഷ്യൽ സയൻസ് റിസർച്ച് കൗൺസിൽ, നെതർലൻഡ്‌സിലെ ഡച്ച് റിസർച്ച് കൗൺസിൽ എന്നിവയുടെ ഫണ്ടിങ് പിന്തുണയും അദ്ദേഹത്തിന്റെ ഗവേഷണങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ | Mahmood Kooria Philip Leverhulme Prize

ഇന്ത്യൻ ഗവേഷണരംഗത്തെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ ഇൻഫോസിസ് പ്രൈസ് 2024ൽ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിൽ ഡോ. മഹ്മൂദ് കൂരിയ കരസ്ഥമാക്കിയിരുന്നു. 36-ാം വയസ്സിൽ ഈ പുരസ്‌കാരം നേടിയതിലൂടെ ഇൻഫോസിസ് സയൻസ് പ്രൈസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗവേഷകരിലൊരാളായി അദ്ദേഹം മാറി. കൂടാതെ ഡച്ച് സർക്കാരിന്റെ രണ്ട് കോടി രൂപയുടെ നാഷണൽ റിസർച്ച് ഫെലോഷിപ്പും നേരത്തെ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

കേംബ്രിജ് യൂണിവേഴ്‌സിറ്റി പ്രസ്സ്, റൂട്ട്‌ലെജ് യൂണിവേഴ്‌സിറ്റി പ്രസ്, പെൻഗ്വിൻ, മാതൃഭൂമി അടക്കമുള്ള പ്രമുഖ പ്രസാധകർ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാഷണൽ ജിയോഗ്രാഫിക് മാഗസിൻ അടക്കമുള്ള ആഗോള മാധ്യമങ്ങൾ അദ്ദേഹത്തിന്റെ ചരിത്ര ഗവേഷണങ്ങളെ പ്രത്യേകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലെ സാംസ്‌കാരിക വിനിമയങ്ങൾ, ഇസ്ലാമിക നിയമ ചരിത്രം, കൊളോണിയലിസത്തിന് മുമ്പുള്ള സമുദ്ര വ്യാപാര ശൃംഖലകൾ എന്നിവയിലാണ് ഡോ. മഹ്മൂദ് കൂരിയയുടെ പ്രധാന ഗവേഷണങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത്. യൂറോ കേന്ദ്രീകൃതമായ ചരിത്രവായനകൾക്ക് ബദലായി സമുദ്രതീര സമൂഹങ്ങളുടെ സവിശേഷമായ നിയമപാരമ്പര്യങ്ങളെയും സാംസ്‌കാരിക വിനിമയങ്ങളെയും മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ രചനകൾ ആഗോളതലത്തിൽ പുതിയ അക്കാദമിക ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്(Mahmood Kooria Philip Leverhulme Prize).

ചരിത്രപഠനത്തിൽ മനുഷ്യേതര ജീവികളുടെ സാന്നിധ്യം അടയാളപ്പെടുത്തുന്ന രീതിശാസ്ത്രവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. മലബാർ കലാപകാലത്തെ മൃഗങ്ങളുടെ പങ്ക് സംബന്ധിച്ച പഠനങ്ങളും അറബി മലയാള ലിഖിതങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളും അന്താരാഷ്ട്ര അക്കാദമിക് ലോകത്ത് ഏറെ ശ്രദ്ധേ നേടി. എഡിൻബറ സർവകലാശാലയിലെ ചരിത്ര വിഭാഗവും ഈ അഭിമാന നേട്ടത്തിൽ ഡോ. മഹ്മൂദ് കൂരിയക്ക് ഔദ്യോഗികമായി അഭിനന്ദനങ്ങൾ അറിയിച്ചു.

ചരിത്രത്തെ കേവലം ഭൂപ്രദേശങ്ങളുടെയും ഭരണാധികാരികളുടെയും അതിർത്തികളിൽ ഒതുക്കാതെ കടലിലൂടെ പരസ്പരം ബന്ധപ്പെട്ട ജനതകളുടെ കാഴ്ചപ്പാടിലൂടെ സമീപിക്കുകയാണ് ഡോ. മഹ്മൂദ് കൂരിയ(Mahmood Kooria Philip Leverhulme Prize). മലബാറിന്റെ ചരിത്രത്തെ ആഗോള സമുദ്രപാതകളുടെയും സാംസ്‌കാരിക വിനിമയങ്ങളുടെയും വിശാലമായ പശ്ചാത്തലത്തിൽ പുനർവായിക്കാൻ അദ്ദേഹത്തിന്റെ പഠനങ്ങൾ വഴിയൊരുക്കി. ഈ തുക ഉപയോഗിച്ച് വരുന്ന മൂന്നു വർഷക്കാലം ഇന്ത്യൻ സമുദ്രമേഖലയിലെ അപ്രകാശിത ചരിത്രരേഖകളെ മുൻനിർത്തിയുള്ള വിപുലമായ തുടർഗവേഷണങ്ങൾ നടത്താനാണ് ലിവർഹ്യൂം ട്രസ്റ്റ് പിന്തുണ നൽകുന്നത്.

Also read: