27/01/2026

‘സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടർന്നാൽ എന്താണ് പ്രശ്‌നം? ഞങ്ങൾ ഒറ്റക്കെട്ടാണ്, ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകും’; മുഖ്യമന്ത്രി മാറ്റ വാർത്തകളോട് പ്രതികരിച് ഡി.കെ ശിവകുമാർ

 ‘സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടർന്നാൽ എന്താണ് പ്രശ്‌നം? ഞങ്ങൾ ഒറ്റക്കെട്ടാണ്, ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകും’; മുഖ്യമന്ത്രി മാറ്റ വാർത്തകളോട് പ്രതികരിച് ഡി.കെ ശിവകുമാർ

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും ശക്തമാവുന്നതിനിടെ നിലപാട് വ്യക്തമാക്കി ഡി.കെ ശിവകുമാർ. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടരുന്നതിൽ എന്താണ് തെറ്റെന്ന് ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ ചോദിച്ചു. താനും സിദ്ധരാമയ്യയും ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

​മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷത്തിനു ശേഷം ഡി.കെക്ക് കൈമാറാൻ ഹൈക്കമാൻഡ് രഹസ്യ ധാരണയുണ്ടാക്കിയിരുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശിവകുമാറിൻ്റെ പ്രതികരണം. നവംബറിൽ കോൺഗ്രസ് സർക്കാരിൻ്റെ രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുന്നതോടെ കർണാടകയിൽ ‘നവംബർ വിപ്ലവം’ ഉണ്ടാകുമെന്ന തരത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. ബിജെപി നേതാക്കളാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്.

​അതിനിടെ, കർണാടക ​മന്ത്രി സമീർ അഹമ്മദ് ഖാൻ അടുത്തിടെ നടത്തിയ പ്രസ്താവനയും ചർച്ചയായി. സിദ്ധരാമയ്യ അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നായിരുന്നു പ്രസ്താവന. ഇതുൾപ്പെടെയുള്ള ചർച്ചകളോട് പ്രതികരിക്കുകയായിരുന്നു ഡികെ.

​”വളരെ സന്തോഷം. അതിൽ എന്താണ് തെറ്റ്? മുഖ്യമന്ത്രി അവിടെയുണ്ട്. അദ്ദേഹം അവിടെ തന്നെ ഇരിക്കട്ടെ. അദ്ദേഹം തന്നെ തുടർന്നാൽ എന്താണ് പ്രശ്നം? ഞങ്ങൾക്ക് ദുഃഖമില്ല. ഞങ്ങൾ ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവർത്തിക്കുന്നു, തുടർന്നും അങ്ങനെയായിരിക്കും,” ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

​നവംബർ 15-ന് സിദ്ധരാമയ്യ ഡൽഹി സന്ദർശിക്കാനിരിക്കെ, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാൻഡുമായി ചർച്ച നടത്തുമോ എന്ന ചോദ്യത്തിന്, അത് മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തമാണ്, അദ്ദേഹം ഇതുവരെ തന്നോട് ചർച്ച ചെയ്തിട്ടില്ല എന്നായിരുന്നു ശിവകുമാറിൻ്റെ മറുപടി.

​കർണാടക രാഷ്ട്രീയത്തിൽ നേതൃമാറ്റം ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളി കളഞ്ഞ ശിവകുമാർ, ബിഹാർ എക്സിറ്റ് പോൾ ഫലങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്നും കോൺഗ്രസ് ഉൾപ്പെട്ട മഹാസഖ്യം അവിടെ അധികാരത്തിൽ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ബിഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ കർണാടക രാഷ്ട്രീയത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: