‘വഖഫ് ബോർഡിൽ അമുസ്ലിം പ്രാതിനിധ്യം വേണം’; സുരേഷ് ഗോപിയടക്കം 7 പേരുടെ പട്ടിക ഹൈക്കോടതിയിൽ സമർപ്പിച്ച് ക്രൈസ്തവ സംഘടന ‘ആക്ട്സ്’
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിലേക്ക് അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനയായ ‘ആക്ട്സ്’ ഹൈക്കോടതിയെ സമീപിച്ചു. പുതിയതായി പുനഃസംഘടിപ്പിക്കുന്ന വഖഫ് ബോർഡിൽ ഒരു ഹിന്ദു അംഗത്തെയും ഒരു ക്രിസ്ത്യൻ അംഗത്തെയും ഉൾപ്പെടുത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ബോർഡിലേക്ക് പരിഗണിക്കുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം ഏഴുപേർ അടങ്ങുന്ന സാധ്യതാ പട്ടികയും സംഘടന കോടതിക്ക് കൈമാറി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ മന്ത്രിയും എം.പിയുമായ കെ. രാധാകൃഷ്ണൻ (സി.പി.ഐ.എം), രാജ്യസഭാ എം.പി ജോസ് കെ. മാണി, ലോക്സഭാ എം.പി കെ. ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്), കേരള ജനപക്ഷം നേതാവ് ഷോൺ ജോർജ് എന്നിവരാണ് ഈ ഏഴംഗ പട്ടികയിലുള്ളത്.
വഖഫ് ബോർഡ് പുനഃസംഘടന റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ നൽകിയ ഹരജിയിൽ കക്ഷി ചേരാനുള്ള അപേക്ഷയിലാണ് ആക്ട്സ് ഈ നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ഷോൺ ജോർജ് നൽകിയ ഹരജിയോടൊപ്പമാണ് ആക്ട്സിന്റേയും ഈ നിർണായക ഹരജി പരിഗണിക്കുന്നത്. സംസ്ഥാനത്തെ വഖഫ് വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമപോരാട്ടങ്ങളിൽ സജീവമായി ഇടപെടുന്ന സംഘടനയാണ് ആക്ട്സ്.
കേന്ദ്ര നിയമപ്രകാരവും സുപ്രീംകോടതി നിർദേശപ്രകാരവും വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നാണ് ഹരജിക്കാരുടെ പ്രധാന വാദം. എന്നാൽ സംസ്ഥാന സർക്കാർ ഇതിന് ഇതുവരെ തയ്യാറായിട്ടില്ല. കൂടാതെ, വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങൾ വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വവും.