25/10/2026
[fontresizer_tawhidurrahmandear_widget]

മോദി എവിടെയും പോകില്ലെന്ന് സദസ്സിലൊരാൾ; ‘മോദിയുടെ തന്തക്ക് വരെ പോകേണ്ടിവരും’, പ്രധാനമന്ത്രിക്കെതിരെ ഖാർഗെയുടെ വിവാദ പരാമർശം; രൂക്ഷമായി തിരിച്ചടിച്ച് ബിജെപി

 മോദി എവിടെയും പോകില്ലെന്ന് സദസ്സിലൊരാൾ; ‘മോദിയുടെ തന്തക്ക് വരെ പോകേണ്ടിവരും’, പ്രധാനമന്ത്രിക്കെതിരെ ഖാർഗെയുടെ വിവാദ പരാമർശം; രൂക്ഷമായി തിരിച്ചടിച്ച് ബിജെപി

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിഹാറിലെ പട്നയിൽ ഡോ. കൃഷ്ണ സിങ്ങിന്റെ 139-ാമത് ജന്മദിനാഘോഷച്ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം. ഖാർഗെ പ്രസംഗിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാൾ ‘മോദി എവിടെയും പോകില്ല’ എന്ന് അനുകൂലിച്ച് സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് മറുപടിയായി, “മോദിയുടെ അച്ഛന് വരെ പോകേണ്ടിവരും” എന്ന് ഖാർഗെ പറയുകയായിരുന്നു. തുടർന്ന് മോദി അനുകൂല പരാമർശം നടത്തിയ ആളെ വേദിയിൽ നിന്ന് പുറത്താക്കി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പ്രസംഗത്തിൽ പ്രധാനമന്ത്രിക്കും ആർ.എസ്.എസിനുമെതിരെ രൂക്ഷവിമർശനമാണ് ഖാർഗെ ഉന്നയിച്ചത്. പ്രധാനമന്ത്രിക്ക് കള്ളം പറയുന്ന ശീലമാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധികാരത്തിലേറി ആദ്യ നൂറു ദിവസത്തിനകം കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന പ്രഖ്യാപനം എന്തായെന്നും, ആ പണം എവിടെയാണെന്നും ഖാർഗെ ചോദിച്ചു. രാജ്യത്ത് ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രം നിലനിൽക്കുന്ന കാലത്തോളം സമാധാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഖാർഗെയുടെ പരാമർശത്തിനെതിരെ രൂക്ഷമായ ഭാഷയിൽ ബിജെപി രംഗത്തെത്തി. എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു ബിജെപിയുടെ മറുപടി. കോൺഗ്രസ് അധ്യക്ഷൻ ഉപയോഗിക്കുന്നത് ഒരുകാലത്ത് കള്ളന്മാരും സാമൂഹികവിരുദ്ധരും ഉപയോഗിച്ചിരുന്ന ഭാഷയാണെന്ന് ബിജെപി ആരോപിച്ചു. നിരാശയും അമർഷവും ബാധിച്ച കോൺഗ്രസിലെ യുവരാജാവ് ചില സമയങ്ങളിൽ തെരുവിൽ വനിതാപോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും, മറ്റു ചിലപ്പോൾ സ്വന്തം പാർട്ടി നേതാക്കളുമായിപ്പോലും ഉന്തും തള്ളിലും ഏർപ്പെടുകയും ചെയ്യുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. കോൺഗ്രസ് ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടി എന്നതിലുപരി ഒരു മാഫിയാ സംഘത്തെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അവർ വിമർശിച്ചു.

ഖാർഗെയുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ അന്നത്തെ കോൺഗ്രസ് അധ്യക്ഷ പത്തുവർഷത്തോളം പല തന്ത്രങ്ങളും പയറ്റിയിട്ടും അവർക്ക് അധികാരം നഷ്‌ടപ്പെടുകയാണുണ്ടായതെന്നും എക്സ് പോസ്റ്റിൽ ബിജെപി പരിഹസിച്ചു. ഇന്ന് അതേ സ്വപ്നം യാഥാർഥ്യമാക്കാൻ അവരുടെ മകൻ വിയറ്റ്നാമിലേക്കും കൊളംബിയയിലേക്കുമൊക്കെ അലയുകയാണ്. എന്നാൽ കോൺഗ്രസിന്റെ ഈ സ്വപ്‌നം സാക്ഷാത്കരിക്കാൻ രാജ്യത്തെ ജനങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും ബിജെപി വ്യക്തമാക്കി.

Also read: