27/10/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങൾക്ക് എല്ലാം അറിയാം, പരിശോധിക്കും’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരാതികളിൽ സുപ്രീം കോടതി

 ‘ഞങ്ങൾക്ക് എല്ലാം അറിയാം, പരിശോധിക്കും’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരാതികളിൽ സുപ്രീം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഉയർന്ന പരാതികളും വിവാദങ്ങളും വിശദമായി പരിശോധിക്കുമെന്ന് സുപ്രീം കോടതി. എസ്ഐആർ പ്രക്രിയയ്ക്ക് അനുമതി നൽകിയത് കമ്മീഷൻ അംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനപ്രകാരമല്ലെന്ന ആരോപണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് നൽകിയ ഹരജികൾ പരിഗണിക്കവേ, “ഞങ്ങൾക്കെല്ലാം അറിയാം, ഞങ്ങൾ പരിശോധിക്കും” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രതികരിച്ചു.

എസ്ഐആർ നടപ്പിലാക്കാനുള്ള തീരുമാനം മൂന്ന് അംഗങ്ങളും ചേർന്ന് ഏകകണ്ഠമായാണ് എടുത്തതെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഈ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് സമയം അനുവദിച്ച കോടതി, കേസ് വീണ്ടും പരിഗണിക്കുന്നതിനായി നവംബർ 17-ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഇന്ത്യ മുന്നണി നേതാക്കൾക്കും വേണ്ടി മുതിർന്ന അഭിഭാഷകൻ എ.എം.സിങ്വിയാണ് കോടതിയിൽ ഹാജരായത്. കമ്മീഷൻ്റെ ആശയവിനിമയ രേഖകളും ഫയൽ കുറിപ്പുകളും സംരക്ഷിക്കാൻ നിർദ്ദേശം നൽകണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. എസ്ഐആർ സംബന്ധിച്ച തീരുമാനങ്ങൾ കൃത്യമായ ചർച്ചകൾക്ക് ശേഷമാണോ എടുത്തതെന്നും, അത് ഏകകണ്ഠമായിരുന്നോ എന്നും പരിശോധിക്കാൻ ഈ രേഖകൾ അത്യന്താപേക്ഷിതമാണെന്ന് സിങ്വി വാദിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ നടത്തുന്നതിനുള്ള ഉത്തരവുകൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌ കുമാറും കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരും ചേർന്ന് ഏകകണ്ഠമായാണ് പുറപ്പെടുവിച്ചതെന്നായിരുന്നു കമ്മിഷൻ്റെ സത്യവാങ്മൂലത്തിലെ വിശദീകരണം.

Also read: