29/10/2026
[fontresizer_tawhidurrahmandear_widget]

‘ഓടി ജയിച്ചാൽ എനിക്കൊരു വീട് കിട്ടുമോ സാറേ?’; ട്രാക്കിൽ പൊന്നണിഞ്ഞിട്ടും അക്ഷയയുടെ ഉള്ളിലെ വലിയ സ്വപ്നം ബാക്കി

 ‘ഓടി ജയിച്ചാൽ എനിക്കൊരു വീട് കിട്ടുമോ സാറേ?’; ട്രാക്കിൽ പൊന്നണിഞ്ഞിട്ടും അക്ഷയയുടെ ഉള്ളിലെ വലിയ സ്വപ്നം ബാക്കി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ഒന്നാമതായി ഫിനിഷ് ചെയ്ത ശേഷം അക്ഷയ ട്രാക്കിലിരുന്നു. കാലിലെ പരിക്കിന്റെ വേദന മുഖത്തുണ്ടായിട്ടും അവൾ ചിരിച്ചു. എന്നിട്ട് വേഗം തന്നെ കാലിലെ സ്പൈക്സ് ഊരിമാറ്റി. അത് സ്കൂളിലെ മറ്റൊരു കുട്ടിയുടേതായിരുന്നു, അവന് അടുത്തതായി മത്സരിക്കാൻ ആ ഷൂസ് വേണമായിരുന്നു. അക്ഷയയുടെ ഉള്ളിൽ അപ്പോഴും നാല് വർഷമായി കോച്ച് ബിജു വാസുദേവനോട് ചോദിക്കുന്ന ഒരേയൊരു ചോദ്യം മാത്രമായിരുന്നു മുഴങ്ങിയിരുന്നത്, “ഓടി ജയിച്ചാലെങ്കിലും എനിക്കൊരു വീട് കിട്ടുമോ സാറേ…?”

ഇത് അക്ഷയയുടെ അവസാന സ്കൂൾ കായികമേളയാണ്. അവൾ കോഴിക്കോട്ടെ ട്രാക്കിൽ സ്വർണ്ണത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട് പനങ്ങാട്ടിരിയിലെ ഓലമേഞ്ഞ ഒറ്റമുറി വീട്ടിൽ അമ്മ സൗമ്യയും ഹൃദ്രോഗിയായ സഹോദരി അർച്ചനയും പ്രാർത്ഥനയിലായിരുന്നു. പനങ്ങാട്ടിരി ആർ.പി.എം.എച്ച്.എസിലെ വിദ്യാർത്ഥിനിയായ അക്ഷയ ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോൾ ആ നേട്ടത്തിന് പിന്നിലെ കഷ്ടപ്പാടുകളോർത്ത് പരിശീലകൻ ബിജുവിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി.

ഒമ്പതാം ക്ലാസിൽ പരിശീലനം തുടങ്ങിയ അക്ഷയ കഴിഞ്ഞ വർഷം സംസ്ഥാന അമച്വർ അത്‌ലറ്റിക്സിൽ 1500 മീറ്ററിലും 1000 മീറ്ററിലും വെള്ളി നേടിയിരുന്നു. കഴിഞ്ഞ സ്കൂൾ കായികമേളയിലും 3000 മീറ്ററിൽ സ്വർണ്ണം പ്രതീക്ഷിച്ചിരുന്നെങ്കിലും കാലിലെ പേശിക്കുണ്ടായ പരിക്കു കാരണം വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. “ഞാൻ ഓടിനോക്കട്ടെ സാറേ, ഫസ്റ്റടിച്ചാൽ വീട് കിട്ടുമല്ലോ” എന്ന് പറഞ്ഞാണ് അന്ന് ഡോക്ടറുടെ വിലക്ക് വകവെയ്ക്കാതെ വേദന കടിച്ചുപിടിച്ച് അവൾ ഓടിയത്.

കടുത്ത ദാരിദ്ര്യത്തിലും പ്രതിസന്ധികളിലുമാണ് അക്ഷയയുടെ കുടുംബം കഴിയുന്നത്. പാവയ്ക്ക കൊണ്ടാട്ടക്കമ്പനിയിൽ ജീവനക്കാരിയായ അമ്മ സൗമ്യയ്ക്ക് അലർജിയും ത്വക്ക് രോഗവും കാരണം ഇപ്പോൾ ജോലിക്ക് പോകാൻ കഴിയുന്നില്ല. ട്രാക്ടർ ഡ്രൈവറാണ് അച്ഛൻ ഗുരുവായൂരപ്പൻ. ചേച്ചി അർച്ചനയ്ക്ക് തിരുവനന്തപുരം ശ്രീചിത്രയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചിരിക്കുകയാണ്. പ്ലസ്ടു കഴിഞ്ഞെങ്കിലും ചികിത്സയും ബുദ്ധിമുട്ടുകളും കാരണം അർച്ചനയ്ക്ക് തുടർപഠനത്തിന് പോകാനായില്ല. പ്രതിരോധശേഷി കുറവുള്ളതിനാൽ ശ്വാസമുട്ടൽ അനുഭവിക്കുന്ന അനിയൻ അഖിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത ഈ കുടുംബം, അച്ഛന്റെ സഹോദരന്റെ സ്ഥലത്തുള്ള ഓലമേഞ്ഞ ഒറ്റമുറി വീട്ടിലാണ് താമസം. ലൈഫ് മിഷനിൽ വീടിനായി അപേക്ഷ നൽകിയെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇനി മേളയിൽ 1500 മീറ്ററിലും ഈ മിടുക്കി ട്രാക്കിലിറങ്ങുന്നുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളെ ഓടിത്തോൽപ്പിച്ച് അടച്ചുറപ്പുള്ള സ്വന്തം വീട്ടിലേക്കുള്ള ദൂരം കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് അക്ഷയ.

Also read: