‘വിചാരണക്ക് മുൻപുള്ള തടവുകാലം തന്നെ ശിക്ഷയായി മാറുന്നു’;ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചതിൽ മുൻ സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ
ന്യൂഡൽഹി: രാജ്യത്ത് കുറ്റം തെളിയിക്കപ്പെടുന്നതിനോ വിചാരണ പൂർത്തിയാകുന്നതിനോ മുൻപുള്ള നീണ്ടകാലത്തെ കരുതൽ തടങ്കൽ തന്നെ വലിയൊരു ശിക്ഷയായി മാറുകയാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിക്കപ്പെട്ട പശ്ചാത്തലത്തിൽ, വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് ശേഷം മാത്രമേ തടവുശിക്ഷ അനുഭവിക്കേണ്ടതുള്ളൂ. എന്നാൽ, നിലവിൽ വിചാരണ നേരിടുന്ന കാലയളവ് തന്നെ ശിക്ഷയായി മാറുന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ പൊതുവെ ഉദാരമായ സമീപനമാണ് താൻ സ്വീകരിച്ചിട്ടുള്ളത്. ജാമ്യം ഒരു വ്യക്തിയുടെ സ്വാഭാവിക അവകാശമായി കാണണമെന്നും, കുറ്റം തെളിയിക്കപ്പെടുന്നത് വരെ കസ്റ്റഡിയിൽ തുടരുന്നത് ശിക്ഷയാക്കരുതെന്നും ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടി. മുൻപ് ജസ്റ്റിസ് സുന്ദരേഷിനൊപ്പം ബെഞ്ചിലിരുന്ന് ജാമ്യ തത്വങ്ങളെക്കുറിച്ച് താൻ പുറപ്പെടുവിച്ച സുപ്രധാന വിധിയും അദ്ദേഹം ഈയവസരത്തിൽ ഓർമ്മിപ്പിച്ചു.
2020 ഫെബ്രുവരിയിൽ 53 പേരുടെ മരണത്തിനും 700-ലധികം പേർക്ക് പരിക്കേൽക്കാനും കാരണമായ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന ആരോപിച്ചാണ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും ഡൽഹി പോലീസ് യു.എ.പി.എ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇരുവരുടെയും ജാമ്യാപേക്ഷകൾ ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും പലതവണ തള്ളിയിരുന്നു. ഒക്ടോബർ 31-ന് പുറത്തിറങ്ങാനിരിക്കുന്ന തൻ്റെ ആത്മകഥയായ “വിത്തൗട്ട് ഫിയർ ഓർ ഫേവർ” എന്ന പുസ്തകത്തിൻ്റെ പ്രകാശനവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെക്കുറിച്ചും ജാമ്യ നിയമങ്ങളെക്കുറിച്ചും അദ്ദേഹം നിർണായക അഭിപ്രായപ്രകടനങ്ങൾ നടത്തിയത്.