29/10/2026
[fontresizer_tawhidurrahmandear_widget]

‘ഞാനാണ് ബ്രസീലിന്റെ യഥാർത്ഥ പ്രസിഡന്റ്, തോൽവി മാത്തമാറ്റിക്കലി ഇംപോസിബിൾ; നാടുവിട്ടത് ബ്രസീലിന് വേണ്ടി’: ഫ്ലാവിനൊ ബോൾസൊനാരോ

 ‘ഞാനാണ് ബ്രസീലിന്റെ യഥാർത്ഥ പ്രസിഡന്റ്, തോൽവി മാത്തമാറ്റിക്കലി ഇംപോസിബിൾ; നാടുവിട്ടത് ബ്രസീലിന് വേണ്ടി’: ഫ്ലാവിനൊ ബോൾസൊനാരോ

വാഷിങ്ടൺ: ബ്രസീലിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയോട് പരാജയപ്പെട്ടിട്ടും തോൽവി അംഗീകരിക്കാൻ തയ്യാറാകാതെ എതിർ സ്ഥാനാർഥി ഫ്ലാവിനൊ ബോൾസൊനാരോ. ഞാനാണ് ബ്രസീലിന്റെ യഥാർത്ഥ പ്രസിഡന്റതെന്നും തന്റെ തോൽവി ‘മാത്തമാറ്റിക്കലി ഇംപോസിബിൾ’ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലുല ഡാ സിൽവ നേടിയ അപ്രതീക്ഷിത മുന്നേറ്റം തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും ഇതിന് പിന്നിൽ തന്നെ ലക്ഷ്യവെച്ചുള്ള രാഷ്ട്രീയ വേട്ടയാണെന്നുമാണ് ഫ്ലാവിനൊ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾക്ക് തെളിവുകളൊന്നും അദ്ദേഹം നിരത്തിയിട്ടില്ല.

കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഫ്ലാവിനൊയോട് പാസ്‌പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പരാജയം ഉറപ്പായതോടെ അറസ്റ്റ് ഭയന്ന് അദ്ദേഹം സ്വകാര്യ വിമാനത്തിൽ അമേരിക്കയിലെ മിയാമിയിലേക്ക് കടക്കുകയായിരുന്നു. എന്നാൽ താൻ രാജ്യം വിട്ടോടിയതല്ലെന്നും ബ്രസീലിലെ നീതിന്യായ വ്യവസ്ഥ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതിനാലാണ് കുടുംബത്തോടൊപ്പം സുരക്ഷിതമായ അമേരിക്കയിലേക്ക് വന്നതെന്നും അദ്ദേഹം ന്യായീകരിച്ചു. “ഞാൻ ബ്രസീലിൽ നിന്ന് നാടുവിട്ടതല്ല, ബ്രസീലിന് വേണ്ടിയാണ് ഞാൻ നാടുവിട്ടത്,” അദ്ദേഹം പറഞ്ഞു. അമേരിക്കയിലിരുന്ന് പ്രതിപക്ഷത്തെ നയിക്കുമെന്നും തന്റെ അറുപത് ദശലക്ഷം വോട്ടർമാരോടും ബ്രസീൽ ജനതയോടും താനാണ് നേതാവെന്ന് പറയാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, ഡോണൾഡ് ട്രംപിനും തന്നെ സ്വീകരിച്ച അമേരിക്കൻ ജനതയ്ക്കും നന്ദി അറിയിച്ചു. നേരത്തെ 2022-ൽ പരാജയപ്പെട്ടപ്പോൾ ഫ്ലാവിനൊയുടെ പിതാവ് ജെയർ ബോൾസൊനാരോയും സമാനമായി അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് കടന്നിരുന്നു.

തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാണ് ഫ്ലാവിനൊ ബോൾസൊനാരോയുടെ പ്രധാന ആവശ്യം. വോട്ടെടുപ്പ് സമയം സുപ്രീംകോടതി ജഡ്ജി രണ്ട് മണിക്കൂർ നീട്ടിയത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, നീട്ടിയ രണ്ട് മണിക്കൂറിനുള്ളിൽ ആകെ വോട്ടിന്റെ 0.03 ശതമാനം (35,000-ൽ താഴെ വോട്ടുകൾ) മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനമനുസരിച്ച് ലുല ഡാ സിൽവ 51.79 ശതമാനം വോട്ടും ഫ്ലാവിനൊ ബോൾസൊനാരോ 48.21 ശതമാനം വോട്ടുമാണ് നേടിയത്. ഏകദേശം 4.5 ദശലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലുല ഡാ സിൽവ ചരിത്രപരമായ നാലാം ഊഴത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലോക നേതാക്കളും അന്താരാഷ്ട്ര നിരീക്ഷകരും ഫ്ലാവിനൊയുടെ സ്വന്തം പാർട്ടിയും ലുലയുടെ വിജയം അംഗീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പൂർണ്ണമായും നിയമപരവും ഭരണഘടനാപരവുമായാണ് നടന്നതെന്ന് ബ്രസീൽ തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി.

Also read: