എംഎ.യൂസുഫലിക്കെതിരെ വ്യാജപ്രചാരണം; ‘മാപ്പപേക്ഷ സ്വീകരിക്കില്ല, ഒരു കേസും പിൻവലിക്കില്ല’; ഷാജൻ സ്കറിയക്കെതിരെ നിയമനടപടിയുമായി മുന്നോട്ടെന്ന് ലുലു ഗ്രൂപ്പ്
ദുബൈ: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ.യൂസഫലിക്കെതിരെ വ്യാജപ്രചാരണം നടത്തിയ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരായ ഒരു കേസും പിൻവലിക്കില്ലെന്ന് ലുലു ഗ്രൂപ്പ്. ഷാജൻ സ്കറിയ അടുത്തിടെ നടത്തിയ പരസ്യമായ മാപ്പപേക്ഷയും ഖേദപ്രകടനവും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും, അതിൽ പ്രതികരിക്കാനില്ലെന്നും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ ദുബൈയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയിലെ നിയമസംവിധാനത്തിലും ജുഡീഷ്യറിയിലും മാത്രമാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർ മാപ്പ് പറഞ്ഞാലും കേസുകൾ പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. കേരളത്തിൽ മാത്രമല്ല, മറ്റ് പലയിടത്തും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ബ്രാൻഡിനോ ചെയർമാനോ എതിരായ ഒരു ചെറിയ വ്യാജ ആരോപണം പോലും വെച്ചുപൊറുപ്പിക്കില്ല. ഇത്തരം കേസുകൾ കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പുകൾക്ക് വിധേയമാക്കില്ലെന്നും, ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടിയാണ് പലരും ഇത്തരം വ്യാജവാർത്തകൾ പടച്ചുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി 2020 നവംബർ 21-നാണ് മറുനാടൻ മലയാളി ഓൺലൈൻ ചാനലിൽ എംഎ.യൂസഫലിക്കെതിരെ വ്യാജ ആരോപണങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടും ലുലു ഗ്രൂപ്പ് എറണാകുളം സബ് കോടതിയിൽ അപകീർത്തിക്കേസ് ഫയൽ ചെയ്യുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ ദിവസമാണ്, തന്റെ പരാമർശങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കി പിൻവലിക്കുകയാണെന്നും യൂസഫലിയെ വ്യക്തിപരമായി അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കി ഷാജൻ സ്കറിയ വിശദീകരണ വീഡിയോയിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.