അമേരിക്കൻ സെനറ്ററുടെ കർണാടക കണക്ഷൻ; അബ്ദുൽ അൽ സഈദിന്റെ ചരിത്ര വിജയത്തിൽ ആവേശത്തിൽ ഭട്കൽ നഗരം
വാഷിങ്ടൺ: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം പ്രതിനിധി യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ, 8,000 കിലോമീറ്റർ അകലെ കർണാടകയിലെ ഒരു കൊച്ചു ഗ്രാമത്തിനും അത് ആഘോഷിക്കാനുള്ള കാരണമാകുകയാണ്. യുഎസ് സെനറ്റിലേക്ക് വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി നേതാവായ അബ്ദുൽ അൽ സഈദിന്റെ ഭാര്യ സാറ ജുക്കാക്കുവിന്റെ കുടുംബ വേരുകൾ കർണാടകയിലെ തീരദേശ നഗരമായ ഭട്കലിലാണ് ഉള്ളത്. കർണാടക സംസ്ഥാനം രൂപീകരിക്കുന്നതിനും മുൻപ്, അതായത് 75 വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച കുടുംബമാണ് ജുക്കാക്കു കുടുംബം.
കഴിഞ്ഞ 600 വർഷമായി ദക്ഷിണേന്ത്യയിലെ തീരദേശ നഗരങ്ങളിൽ സ്ഥിരതാമസമാക്കിയ നവായത്ത് എന്ന പുരാതന മുസ്ലിം വ്യാപാരി സമൂഹത്തിൽപ്പെട്ടവരാണ് ഇവർ. പ്രധാനമായും യെമൻ, അറേബ്യ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ സമൂഹമെന്നാണ് പറയപ്പെടുന്നത്.
1950-കളിൽ ബി.ഡി. ജട്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൈസൂർ സർക്കാരിൽ ഡെപ്യൂട്ടി ധനമന്ത്രിയായിരുന്ന പ്രമുഖ അഭിഭാഷകനായ ജുക്കാക്കു ഷംസുദ്ദീൻ സാറയുടെ മുത്തച്ഛനാണ്. നവായത്ത് സമൂഹത്തിൽ നിന്നുള്ള ആദ്യത്തെ അഭിഭാഷകനും മന്ത്രിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഭട്കൽ നഗരം മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വികസനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നഗരാസൂത്രണം, റോഡുകൾ, വൈദ്യുതി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി സമസ്ത മേഖലകളിലും അദ്ദേഹത്തിന്റെ സംഭാവനകളുണ്ടായിരുന്നതായി ‘ജെ.എച്ച് ഷംസുദ്ദീൻ- സർവീസ് എബൗ സെൽഫ്’ എന്ന പുസ്തകത്തിന്റെ രചയിതാവും മാധ്യമപ്രവർത്തകനുമായ അഫ്താബ് ഹുസൈൻ കോല പറയുന്നു. മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെയും ഉയർന്ന ധാർമ്മികതയുടെയും പേരിലാണ് ഷംസുദ്ദീൻ അറിയപ്പെട്ടിരുന്നത്. ഭട്കലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന അൻജുമാൻ ഹാമി-ഇ-മുസ്ലിമീൻ എന്ന ചാരിറ്റബിൾ ട്രസ്റ്റ് അവരുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് ഷംസുദ്ദീന്റെ പേരാണ് നൽകിയിരിക്കുന്നത്.
അമ്പത്തിരണ്ടാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. തുടർന്ന് ഭാര്യ സുബൈദ ബീഗവും ആറ് പെൺമക്കളും നാല് ആൺമക്കളുമടങ്ങുന്ന ആ കുടുംബം വിദ്യാഭ്യാസത്തിനും വ്യാപാരത്തിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറി. അവരിൽ പലരും ബെംഗളൂരുവിലാണ് സ്ഥിരതാമസമാക്കിയത്. സാറയുടെ പിതാവായ ഡോ. ജുക്കാക്കു എസ്. ത്വയ്യിബ് അതിലൊരാളായിരുന്നു. ഭട്കലിലെ ആദ്യകാല ജീവിതത്തിന് ശേഷം 1976-ൽ അദ്ദേഹം ബെംഗളൂരു മെഡിക്കൽ കോളേജിൽ ചേർന്നു. പിന്നീട് ഗൾഫ് രാജ്യങ്ങളിലേക്ക് പോയ അദ്ദേഹം, 1980-കളിൽ അമേരിക്കയിലെ മിഷിഗണിൽ നെഫ്രോളജിസ്റ്റായി സ്ഥിരതാമസമാക്കുകയായിരുന്നു.
ദുബൈയിലും ബെംഗളൂരുവിലുമായി താമസിക്കുന്ന സാറയുടെ ബന്ധുവായ ജുക്കാക്കു ഷംസുദ്ദീൻ സിയ, അബ്ദുൽ അൽ സഈദിന്റെ നേട്ടത്തിൽ കുടുംബം വലിയ രീതിയിൽ അഭിമാനിക്കുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന, മൂല്യങ്ങളും തത്വങ്ങളും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും സിയ കൂട്ടിച്ചേർത്തു. മുത്തച്ഛന്റെ ഓർമ്മകളും തങ്ങളുടെ വേരുകളും നിലനിർത്താനായി കുറച്ചുവർഷങ്ങൾക്കുമുമ്പ് വരെ സാറയും കുടുംബവും ബെംഗളൂരുവിലും ഭട്കലിലുമെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാറുണ്ടായിരുന്നു. കുടുംബത്തിന് വലിയ രാഷ്ട്രീയ പശ്ചാത്തലമുണ്ടെങ്കിലും തങ്ങളുടെ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിൽ രാഷ്ട്രീയ ചർച്ചകൾ കുറവാണെന്നും കുടുംബ വിശേഷങ്ങൾ പങ്കുവെക്കാനാണ് സാറയടക്കമുള്ളവർ അത് ഉപയോഗിക്കുന്നതെന്നും സിയ വ്യക്തമാക്കി.
അമേരിക്കയിൽ ജനിച്ചുവളർന്ന സാറ പിതാവിന്റെ പാത പിന്തുടർന്നാണ് വൈദ്യശാസ്ത്ര രംഗത്തെത്തിയത്. മിഷിഗൺ സർവകലാശാലയിലെ ബിരുദ പഠനത്തിനും ഓക്സ്ഫോർഡിൽ നിന്നുള്ള ബിരുദാനന്തര ബിരുദത്തിനും ശേഷം കൊളംബിയ സർവകലാശാലയിൽ നിന്നാണ് അവർ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മിഷിഗൺ സർവകലാശാലയിലെ പഠനകാലത്താണ് സാറയും അബ്ദുൽ അൽ സഈദും പ്രണയത്തിലാകുന്നതും 2006 മെയ് മാസത്തിൽ സാറയുടെ 19-ാം വയസ്സിൽ ഇരുവരും വിവാഹിതരാകുന്നതും. എമ്മിലി, സെറീൻ എന്നിവരാണ് മക്കൾ.
തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലുടനീളം ഭർത്താവിന് ശക്തമായ പിന്തുണയുമായി സാറ ഒപ്പമുണ്ടായിരുന്നു. ശതകോടീശ്വരന്മാർക്കോ വൻകിട കോർപ്പറേറ്റുകൾക്കോ അദ്ദേഹത്തെ സ്വാധീനിക്കാനാകില്ലെന്നും, താനൊഴികെ മറ്റാരും അദ്ദേഹത്തെ നിയന്ത്രിക്കാറില്ലെന്നുമുള്ള സാറയുടെ വാക്കുകൾ വലിയ ആവേശത്തോടെയാണ് അമേരിക്കൻ ജനത ഏറ്റെടുത്തത്. ഭാര്യയിലൂടെ ലഭിച്ച ഈ ഇന്ത്യൻ ബന്ധത്തെക്കുറിച്ച് സഈദും വലിയ അഭിമാനത്തോടെയാണ് സംസാരിക്കാറുള്ളത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി താനൊരു ദക്ഷിണേന്ത്യൻ കുടുംബത്തിന്റെ ഭാഗമാണെന്നും, അറബ് സംസ്കാരത്തേക്കാൾ കൂടുതൽ ഇന്ത്യൻ സംസ്കാരമാണ് തന്നിലുള്ളതെന്നുമാണ് അദ്ദേഹം പറയാറുള്ളത്. ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന ‘ദേശി’ വനിതകൾക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചും അദ്ദേഹം എപ്പോഴും വാചാലനാകാറുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ദമ്പതികളെ ലക്ഷ്യം വെച്ച് വലിയൊരു വിവാദത്തിന് തുടക്കമിട്ടിരുന്നു. ട്രംപും ഭാര്യ മെലാനിയയും നിൽക്കുന്ന ചിത്രത്തിനൊപ്പം സഈദിന്റെയും സാറയുടെയും ചിത്രം പങ്കുവെച്ച് “തികച്ചും വ്യത്യസ്തമായ രണ്ട് അമേരിക്കകാർ” എന്നായിരുന്നു ട്രംപ് കുറിച്ചത്. എന്നാൽ വളരെ സമചിത്തതയോടെ സഈദ് ഇതിന് മറുപടി നൽകി. വിലക്കയറ്റം മൂലം പലചരക്ക് സാധനങ്ങൾക്കും ഇന്ധനത്തിനും ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ അമേരിക്കയിലാണ് ജനങ്ങൾ ജീവിക്കുന്നത്, അല്ലാതെ നിങ്ങളുടെ അമേരിക്കയിലല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ന് അദ്ദേഹം സെനറ്ററായി തെരഞ്ഞെടുക്കപ്പെടുമ്പോൾ, മുത്തച്ഛൻ ഷംസുദ്ദീൻ ഉയർത്തിപ്പിടിച്ച സത്യസന്ധതയും ജനസേവന താല്പര്യവും സഈദിലൂടെ അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നതിന്റെ അതിയായ സന്തോഷത്തിലാണ് സാറയുടെ ഭട്കലിലെ ബന്ധുക്കൾ. കർണാടകയിലെ ഒരു കൊച്ചു തീരദേശ ഗ്രാമത്തിന്റെ പാരമ്പര്യം അമേരിക്കൻ സെനറ്റിന്റെ പടവുകൾ കയറുന്ന അഭിമാനകരമായ നിമിഷമാണിത്.