‘ഒരു ഇസ്രയേലിയായി വിദേശത്ത് ജീവിക്കുക എളുപ്പമല്ല, പുറത്തിറങ്ങുന്നത് പോലും മാസ്ക് ധരിച്ച്’; വംശീയ വെറുപ്പുകൾ കാരണം അമേരിക്ക വിട്ട് സ്വന്തം രാജ്യത്തേക്ക് മടങ്ങാനൊരുങ്ങി പ്രശസ്ത നടി ഗാല്‍ ഗദോത്ത്
തെല്‍ അവീവ്: വിദേശ രാജ്യങ്ങളിൽ ഇസ്രയേലികള്‍ക്കെതിരായ ശത്രുതയും എതിർപ്പും വലിയ രീതിയിൽ വര്‍ധിച്ചുവരികയാണെന്നും, നിലവിലെ സാഹചര്യത്തിൽ ഒരു ഇസ്രയേലിയായി മറ്റൊരു രാജ്യത്ത് ജീവിക്കുക പ്രയാസകരമാണെന്നും പ്രശസ്ത ഹോളിവുഡ് നടിയും മുന്‍ ഇസ്രയേല്‍ സൈനികയുമാായ ഗാല്‍ ഗദോത്ത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് ഗാല്‍ ഗദോത്ത് താമസിക്കുന്നത്. എന്നാൽ അവിടെ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളും വംശീയമായ വെറുപ്പും കാരണം അമേരിക്ക വിട്ട് സ്വന്തം രാജ്യമായ ഇസ്രയേലിലേക്ക് മടങ്ങുകയാണെന്ന് അവർ വെളിപ്പെടുത്തി. ഇസ്രയേല്‍ ചാനലായ ചാനല്‍ 12-ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാൽ ഗദോത്തിന്റെ പ്രതികരണം.
ഇസ്രയേലില്‍ നടന്ന നിര്‍ണായകമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ലോസ് ആഞ്ചലസില്‍ നിന്നും നേരിട്ടെത്തിയപ്പോഴാണ് താരം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഹോളിവുഡിലും അമേരിക്കയിലെ മറ്റ് പൊതുയിടങ്ങളിലും ജീവിക്കുന്നത് ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടേറിയതാണെന്ന് ഗാല്‍ ഗദോത്ത് പറയുന്നു. പുറത്തുപോകുമ്പോള്‍ ആളുകളുടെ അനാവശ്യ ശ്രദ്ധയും ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധക്കാരുടെ അതിക്രമങ്ങളും ഒഴിവാക്കാന്‍ താന്‍ പലപ്പോഴും മാസ്‌ക് ധരിച്ചാണ് ഷോപ്പിങ്ങിന് പോലും പോകുന്നതെന്നും അവർ പറഞ്ഞു. “ഈ കാലഘട്ടത്തില്‍ വിദേശത്ത് ഒരു ഇസ്രയേലിയായി ജീവിക്കുക എന്നത് ഏറെ പ്രയാസകരമാണ്. അവിടെ വലിയ രീതിയിലുള്ള വെറുപ്പ് നിലനില്‍ക്കുന്നുണ്ട്,” ഗാല്‍ ഗദോത്ത് അഭിമുഖത്തില്‍ വ്യക്തമാക്കി.
ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ ജാരോണ്‍ വര്‍സാനോക്കും നാല് പെണ്‍മക്കൾക്കുമൊപ്പമാണ് താരം ഇസ്രയേലിലേക്ക് മടങ്ങുന്നത്. ഇതിനായി ഇസ്രയേലില്‍ പുതിയ വീടിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഗസ്സ യുദ്ധത്തിന് ശേഷം ഇസ്രയേലിനെ അനുകൂലിച്ച് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ച പ്രമുഖ വ്യക്തികളില്‍ ഒരാളാണ് ഗാല്‍ ഗദോത്ത്. ഇസ്രയേൽ അനുകൂല നിലപാടുകളുടെ പേരിൽ ഹോളിവുഡില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും ഇവരുടെ സിനിമകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും ഇവർക്ക് നേരെ ഉണ്ടായിട്ടുണ്ട്.