27/01/2026

സുരക്ഷ ശക്തമാക്കി ഇന്ത്യ; ചൈന അതിർത്തിക്കടുത്ത് 13,700 അടി ഉയരത്തിൽ ന്യോമ വ്യോമതാവളം സജ്ജം

 സുരക്ഷ ശക്തമാക്കി ഇന്ത്യ; ചൈന അതിർത്തിക്കടുത്ത് 13,700 അടി ഉയരത്തിൽ ന്യോമ വ്യോമതാവളം സജ്ജം

ലഡാക്ക്/ന്യൂഡല്‍ഹി: ലഡാക്കിലെ ന്യോമയില്‍ 13,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം തുറന്ന് കരുത്ത് കാട്ടി ഇന്ത്യ. ചൈന അതിര്‍ത്തിയോട് അടുത്തുകിടക്കുന്ന പ്രദേശത്താണ് രാജ്യത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം (അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ട്) നിര്‍മിച്ചിരിക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് ഏറ്റവും അടുത്തുള്ള ഇന്ത്യയുടെ വ്യോമതാവളം കൂടിയാണിത്. പുതുതായി നിര്‍മിച്ച മൂന്ന് കിലോമീറ്റര്‍ റണ്‍വേ പ്രതിരോധ സേനയെ കൂടുതല്‍ സജ്ജമാക്കുന്നതിനും വടക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ തന്ത്രപരമായ മികവ് ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.

214 കോടി രൂപ ബജറ്റില്‍ 2021ലാണ് പദ്ധതി അംഗീകരിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനും ഭാരമുള്ള വിമാനങ്ങളുടെ പറക്കലിനും സാധ്യമാവുന്ന തരത്തിലാണ് വ്യോമതാവളം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാജ്യാതിര്‍ത്തിയിലെ സുപ്രധാനവും തന്ത്രപരമായതുമായ ഇടം കൂടിയാണിത്. കൂടാതെ, ഇന്ത്യന്‍ വ്യോമസേനയ്ക്ക് വിദൂര അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മുമ്പത്തേക്കാള്‍ വേഗത്തില്‍ സൈനികരെയും ഉപകരണങ്ങളെയും എത്തിക്കാമെന്നതും രാജ്യസുരക്ഷയിലെ വലിയ നേട്ടമാണ്.

അയല്‍ രാജ്യമായ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് അടിസ്ഥാന സൗകര്യ വികസനത്തില്‍ രാജ്യം ത്വരിതഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിലാണ് ന്യോമ താവളം സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷക്കാലമായി സൈനിക ശോഷി ശക്തിപ്പെടുത്തുന്നതിനായി ലഡാക്കിലുടനീളം റോഡുകള്‍, തുരങ്കങ്ങള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം രാജ്യം വേഗത്തിലാക്കിയിരുന്നു.

വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയിലും കാലാവസ്ഥയിലുമാണ് ന്യോമ വ്യോമതാവളത്തിന്റെ നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ന്യോമ വ്യോമസേനയുടെ പ്രധാന കേന്ദ്രമായും അതേസമയം തന്നെ സാധാരണ വിമാനങ്ങള്‍ക്കുള്ള വിമാനത്താവളമായും പ്രവര്‍ത്തിക്കുമെന്നാണ് വിവരം.

Also read: