ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്ലേരിയുടെ കുപ്പിവെള്ളത്തിനെതിരെ ഭക്ഷ്യസുരക്ഷാ നടപടി
ന്യൂഡൽഹി: പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലേരിയുടെ വെള്ളത്തിൽ അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ള രാസവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ നിയന്ത്രണ അതോറിറ്റിയായ എഫ്എസ്എസ്എഐ. കുപ്പിവെള്ള സാമ്പിൾ ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ബിസ്ലേരി ഇന്റർനാഷണലിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ എഫ്എസ്എസ്എഐ അനുമതി നൽകി.
ലാബ് പരിശോധനയിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ അളവിൽ ബ്രോമേറ്റാണ് വെള്ളത്തിൽ കണ്ടെത്തിയത്. കമ്പനിയുടെ അപ്പീലിനെത്തുടർന്ന് സാമ്പിൾ വീണ്ടും പരിശോധിച്ചെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല. ഇതിനുപുറമെ, പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യവും വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബ്രോമേറ്റും പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ള പദാർത്ഥങ്ങളായാണ് കണക്കാക്കപ്പെടുന്നത്.
ബിസ്ലേരിക്ക് പുറമെ മറ്റ് ചില ഭക്ഷ്യ ഉൽപ്പന്ന നിർമാതാക്കൾക്കെതിരെയും എഫ്എസ്എസ്എഐ നടപടി സ്വീകരിച്ചിട്ടുണ്ട്. വസന്ത് മസാല പ്രൈവറ്റ് ലിമിറ്റഡ്, ടിറ്റ്-ബിറ്റ് ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷണറി തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ഭക്ഷ്യ-പാനീയ നിർമാതാക്കൾ നിശ്ചിത ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയതിന്റെ ഭാഗമായാണ് ഈ നീക്കം.
ചോക്ലേറ്റ് മിഠായികളിൽ ലേബലിൽ രേഖപ്പെടുത്താത്ത കളറിങ് പദാർത്ഥങ്ങളും അനുവദനീയമായതിലധികം കൃത്രിമ നിറങ്ങളും കണ്ടെത്തിയതിനെത്തുടർന്ന് ആശ കൺഫെക്ഷണറിയുടെ ഉൽപ്പന്നങ്ങൾ വിപണിയിൽനിന്ന് തിരിച്ചുവിളിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരായ പരിശോധനയും നിയമനടപടികളും വരുംദിവസങ്ങളിലും ശക്തമാക്കാനാണ് എഫ്എസ്എസ്എഐയുടെ തീരുമാനം.