24/11/2026
[fontresizer_tawhidurrahmandear_widget]

‘എനിക്ക് എഡിഎച്ച്ഡി ഉണ്ട്, പക്ഷേ അതിനെ പെരുപ്പിച്ചു കാണിക്കാൻ ആഗ്രഹിക്കുന്നില്ല’; മനസ്സുതുറന്ന് പാർവതി തിരുവോത്ത്

 ‘എനിക്ക് എഡിഎച്ച്ഡി ഉണ്ട്, പക്ഷേ അതിനെ പെരുപ്പിച്ചു കാണിക്കാൻ ആഗ്രഹിക്കുന്നില്ല’; മനസ്സുതുറന്ന് പാർവതി തിരുവോത്ത്

തനിക്ക് എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. അവതാരകയും യൂട്യൂബറുമായ രഞ്ജിനി ഹരിദാസിന്റെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. എന്നാൽ, ഈ അവസ്ഥയെ പെരുപ്പിച്ചുകാണിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർവതി വ്യക്തമാക്കി. നേരത്തെ മലയാള നടന്മാരായ ഫഹദ് ഫാസിൽ, ഷൈൻ ടോം ചാക്കോ, ബോളിവുഡ് താരം ആലിയ ഭട്ട് എന്നിവരും തങ്ങൾക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പാർവതിയുടെ തുറന്നുപറച്ചിലോടെ എഡിഎച്ച്ഡിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

യാത്രകളും ജോലിത്തിരക്കുകളും എങ്ങനെയാണ് ഒരേസമയം കൈകാര്യം ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് താരം മനസ്സുതുറന്നത്. മുൻപത്തേതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ഒന്നിലധികം പ്രോജക്റ്റുകൾ ഒരേസമയം ഏറ്റെടുക്കുന്നുണ്ടെന്നും, മുൻപൊരിക്കലുമില്ലാത്തവിധം കഠിനാധ്വാനം ചെയ്യാൻ താൻ തീരുമാനിച്ചതായും പാർവതി പറഞ്ഞു. “എന്തായാലും മരിക്കും. പിന്നെ എന്തുകൊണ്ട് പരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൂടാ? ഒരുപക്ഷേ പരാജയപ്പെട്ടേക്കാം. പക്ഷേ മനോഹരമായി പരാജയപ്പെടൂ, അതിനും നമുക്ക് അവകാശമുണ്ട്. ചിലപ്പോൾ നിങ്ങൾ തകർന്നുപോയേക്കാം, അല്ലെങ്കിൽ അത് നിങ്ങളെ മറ്റൊരു രീതിയിൽ പുനർനിർമ്മിക്കും,” പാർവതി വ്യക്തമാക്കി.

തനിക്ക് എഡിഎച്ച്ഡി ഉണ്ടെങ്കിലും അതിനെ വലിയൊരു കാര്യമായി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പാർവതി ആവർത്തിച്ചു. തന്നെ സംബന്ധിച്ചിടത്തോളം സമയം ഒരു ഇലാസ്റ്റിക് പോലെയാണെന്നും, ആവശ്യമെങ്കിൽ സമയം വലിച്ചുനീട്ടാൻ കഴിയുമെന്നും താരം പറഞ്ഞു. എന്നാൽ അതിനർത്ഥം വിശ്രമമില്ലെന്നല്ലെന്നും, വിശ്രമിക്കാൻ ആവശ്യമായ സമയം എപ്പോഴാണെങ്കിലും താൻ കണ്ടെത്താറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ജീവിതത്തോടുള്ള സമീപനത്തിലും വലിയ മാറ്റം വന്നിട്ടുണ്ടെന്ന് പാർവതി വെളിപ്പെടുത്തി. മുൻപ് കൃത്യമായ ദിനചര്യ പിന്തുടർന്നിരുന്ന താൻ, ഷൂട്ടിങ് കഴിഞ്ഞാൽ ഉടൻ വ്യക്തിപരമായ ഇടങ്ങളിലേക്ക് ഒതുങ്ങിക്കൂടുകയും ആരോടും സംസാരിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ പഴയ രീതിയിൽ തന്നെ മുന്നോട്ട് പോകുന്നത് ഏറെ വിരസമായി തോന്നിത്തുടങ്ങിയതോടെ, ഇന്ന് ഷൂട്ടിങ് കഴിഞ്ഞ് ആഘോഷങ്ങളിലും മറ്റും പങ്കുചേരാൻ താൻ ഇഷ്ടപ്പെടുന്നുണ്ടെന്നും താരം പറഞ്ഞു.

ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാൻ കഴിയാതിരിക്കുക (ഇൻഅറ്റൻഷൻ), എടുത്തുചാട്ടം (ഇംപൾസിവിറ്റി), ഒരിക്കലും അടങ്ങിയിരിക്കാതിരിക്കുക (ഹൈപ്പർ ആക്ടിവിറ്റി) എന്നിവ ചേർന്നുള്ള ഒരു അവസ്ഥയാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി). സാധാരണയായി കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഇത് കണ്ടുവരാറുണ്ട്. എഡിഎച്ച്ഡി ഉണ്ടാകുന്നതിന്റെ കൃത്യമായ കാരണം ഇന്നും വ്യക്തമല്ലെങ്കിലും ജനിതകപരമായ ഘടകങ്ങൾ, തലച്ചോറിനേൽക്കുന്ന പരിക്കുകൾ, മാസം തികയാതെയുള്ള ജനനം, ജനനസമയത്തെ കുറഞ്ഞ ഭാരം എന്നിവ ഇതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. തലച്ചോറിലെ ഡോപ്പമിൻ, നോർ അഡ്രിനാലിൻ എന്നീ രാസവസ്തുക്കളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ഇതിന് മരുന്നുകളും സ്വഭാവരൂപീകരണ ചികിത്സയും (ബിഹേവിയർ തെറാപ്പി) ആവശ്യമാണ്. രോഗിയും ഒപ്പമുള്ളവരും ഇതൊരു ക്ലിനിക്കൽ പ്രശ്നമാണെന്ന് തിരിച്ചറിയുക എന്നതാണ് ചികിത്സയുടെ ആദ്യപടി.

Also read: