26/11/2026
[fontresizer_tawhidurrahmandear_widget]

വിഷപ്പുകയിൽ ശ്വാസംമുട്ടി ഡൽഹി; 6 വർഷത്തിനിടെ ശ്വാസകോശ ക്യാൻസർ ബാധിച്ചത് 6,581 പേർക്ക്; വിവരാവകാശ രേഖ പുറത്ത്

 വിഷപ്പുകയിൽ ശ്വാസംമുട്ടി ഡൽഹി; 6 വർഷത്തിനിടെ ശ്വാസകോശ ക്യാൻസർ ബാധിച്ചത് 6,581 പേർക്ക്; വിവരാവകാശ രേഖ പുറത്ത്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നതിനിടെ, കഴിഞ്ഞ ആറര വർഷത്തിനിടെ ഡൽഹിയിലെ പ്രമുഖ സർക്കാർ ആശുപത്രികളിൽ മാത്രം 6,581 പേർക്ക് ശ്വാസകോശ ക്യാൻസർ സ്ഥിരീകരിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 2020 ജനുവരി ഒന്നിനും 2026 ജൂലൈ 31-നും ഇടയിലുള്ള കണക്കുകളാണിത്. ഇതേ കാലയളവിൽ നാല് പ്രധാന സർക്കാർ ആശുപത്രികളിലായി 913 പേർ ശ്വാസകോശ ക്യാൻസർ ബാധിച്ച് മരണമടഞ്ഞു. ശരാശരി മൂന്ന് ദിവസത്തിലൊരാൾ വീതം ഈ രോഗം മൂലം മരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പി.ടി.ഐ ഭാഷ സമർപ്പിച്ച വിവിധ വിവരാവകാശ അപേക്ഷകളിലാണ് ഡൽഹിയിലെ വർദ്ധിച്ചുവരുന്ന ക്യാൻസർ ഭീഷണി വെളിവാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. എയിംസ്, റാം മനോഹർ ലോഹ്യ ആശുപത്രി, ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ആകെ രോഗികളുടെ എണ്ണമാണ് 6,581. സഫ്ദർജംഗ് ആശുപത്രി ആകെ രോഗികളുടെ എണ്ണം വെളിപ്പെടുത്തിയില്ലെങ്കിലും അവിടെ 393 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി അറിയിച്ചു. അതേസമയം, രോഗബാധിതരിൽ പുകവലിക്കാത്തവരുടെ എണ്ണം സംബന്ധിച്ച പ്രത്യേക വിവരങ്ങൾ ആശുപത്രികളൊന്നും നൽകിയിട്ടില്ല.

രാജ്യത്തെ പ്രമുഖ ആതുരാലയമായ എയിംസിലാണ് ഏറ്റവും കൂടുതൽ ശ്വാസകോശ ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2020 ജനുവരിക്കും 2026 മാർച്ചിനും ഇടയിൽ 4,860 രോഗികളും 158 മരണങ്ങളുമാണ് എയിംസിൽ രേഖപ്പെടുത്തിയത്. അതായത് എയിംസിൽ മാത്രം പ്രതിമാസം ശരാശരി 65 പുതിയ രോഗികളെത്തുകയും രണ്ട് മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 2020 ജനുവരി മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ 1,613 കേസുകളും 354 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രതിമാസം ശരാശരി 20 രോഗികളും നാല് മരണങ്ങളുമാണ് ഇവിടെ രേഖപ്പെടുത്തുന്നത്. 2021-ൽ രണ്ട് കുട്ടികൾക്ക് ഇവിടെ ശ്വാസകോശ ക്യാൻസർ സ്ഥിരീകരിച്ചതായും, ആറര വർഷത്തിനിടെ 351 സ്ത്രീകൾ രോഗബാധിതരായതായും രേഖകൾ വ്യക്തമാക്കുന്നു. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ 47 സ്ത്രീകൾ ഉൾപ്പെടെ 108 പേർക്ക് രോഗം സ്ഥിരീകരിക്കുകയും എട്ട് പേർ മരിക്കുകയും ചെയ്തു. ഡൽഹിയിൽ നിന്നുള്ളവർക്ക് പുറമെ ഉത്തർപ്രദേശ്, ഹരിയാന, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള രോഗികളും ചികിത്സയ്ക്കായി എത്താറുണ്ടെന്ന് ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഡോക്ടർ പ്രതികരിച്ചു.

പ്രത്യേകിച്ച് ശൈത്യകാലത്ത് വായുമലിനീകരണം അതിരൂക്ഷമാകുമ്പോൾ ദീർഘനേരം വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് ഡൽഹി നിവാസികളിൽ വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മലിനവായു ശ്വസിക്കുന്ന എല്ലാവർക്കും ക്യാൻസർ വരുമെന്ന് അർത്ഥമില്ലെങ്കിലും, ദീർഘകാലം മലിനമായ അന്തരീക്ഷത്തിൽ കഴിയുന്നത് ശ്വാസകോശ ക്യാൻസർ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് അപ്പോളോ അതീന വിമൻസ് ക്യാൻസർ സെന്ററിലെ മുതിർന്ന സ്പെഷ്യലിസ്റ്റ് ഡോ. ഗീത കടയപ്രത്ത് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള അന്താരാഷ്ട്ര ക്യാൻസർ ഗവേഷണ ഏജൻസി പുറംവായു മലിനീകരണത്തെയും വായുവിലെ സൂക്ഷ്മകണികകളെയും മനുഷ്യരിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. മലിനവായുവിലുള്ള പി.എം 2.5 എന്ന അതിസൂക്ഷ്മ കണികകളാണ് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്. വലിപ്പം തീരെ കുറവായതിനാൽ ഇവ ശ്വസനനാളിയിലൂടെ ആഴത്തിൽ സഞ്ചരിച്ച് ശ്വാസകോശത്തിലെത്തുന്നു. തുടർച്ചയായി ഇവ ശ്വാസകോശത്തിലെത്തുന്നത് കോശങ്ങൾക്ക് നാശമുണ്ടാക്കുകയും വീക്കത്തിന് കാരണമാവുകയും കാലക്രമേണ ക്യാൻസറിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഡൽഹിയിലെ വിഷവായു ശ്വാസകോശ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, വായുമലിനീകരണം മാത്രമാണ് രോഗത്തിന് ഏക കാരണമെന്ന് കരുതാനാവില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുകവലിയും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവുമാണ് പ്രധാന അപകടഘടകങ്ങൾ. ജനിതക വ്യതിയാനങ്ങളും രോഗത്തിന് കാരണമാകാറുണ്ട്. എന്നാൽ, പുകവലിക്കാത്ത സ്ത്രീകളിൽ ശ്വാസകോശ ക്യാൻസർ കണ്ടെത്തുന്നത് ആശങ്കാജനകമാണെന്നും, ഇത്തരം സാഹചര്യങ്ങളിൽ ജനിതക ഘടകങ്ങൾക്കൊപ്പം വായുമലിനീകരണത്തിനും പങ്കുണ്ടാകാമെന്നും ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ വ്യക്തമാക്കി. രോഗം വളരെ വൈകിയ ഘട്ടത്തിൽ മാത്രം തിരിച്ചറിയപ്പെടുന്നതാണ് മറ്റൊരു വലിയ വെല്ലുവിളി. രോഗം മൂർച്ഛിച്ച ശേഷം കണ്ടെത്തുന്നത് ചികിത്സ കൂടുതൽ ദുഷ്കരമാക്കുകയും രോഗനിയന്ത്രണ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രാരംഭ ഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങൾ പ്രകടമാകാത്ത ഈ രോഗത്തിന് വിട്ടുമാറാത്ത ചുമ, ചുമയ്ക്കുമ്പോൾ രക്തം വരിക, ശ്വാസതടസ്സം, നെഞ്ചുവേദന, ശബ്ദത്തിലുണ്ടാകുന്ന മാറ്റം, അകാരണമായി ശരീരഭാരം കുറയുക, ആവർത്തിച്ചുള്ള നെഞ്ചിലെ അണുബാധ എന്നിവയാണ് പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങൾ.

Also read: