25/11/2026
[fontresizer_tawhidurrahmandear_widget]

‘പരമ്പരാഗത ആചാരങ്ങൾക്ക് പിന്നിൽ ശാസ്ത്രീയതയുണ്ട്, പടക്കങ്ങളിൽ നിന്ന് വരുന്ന പുക കീടങ്ങളെ നശിപ്പിക്കും, അന്തരീക്ഷം ശുദ്ധീകരിക്കപ്പെടും, നമ്മുടെ ജീവിതവും ശുദ്ധമാകും’; മോഹൻ ഭാ​ഗവത്

 ‘പരമ്പരാഗത ആചാരങ്ങൾക്ക് പിന്നിൽ ശാസ്ത്രീയതയുണ്ട്, പടക്കങ്ങളിൽ നിന്ന് വരുന്ന പുക കീടങ്ങളെ നശിപ്പിക്കും, അന്തരീക്ഷം ശുദ്ധീകരിക്കപ്പെടും, നമ്മുടെ ജീവിതവും ശുദ്ധമാകും’; മോഹൻ ഭാ​ഗവത്

ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിൽ വായു മലിനീകരണം വലിയ ആശങ്കയായി തുടരുന്നതിനിടെ പരമ്പരാഗത ദീപാവലി ആഘോഷങ്ങളെ പിന്തുണച്ച് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. പരമ്പരാഗത ദീപാവലി ആഘോഷങ്ങൾക്ക് പിന്നിൽ വലിയ ശാസ്ത്രമുണ്ടെന്നും, പ്രാണികളെ നശിപ്പിക്കാനും വായു ശുദ്ധീകരിക്കാനും ഇത്തരം രീതികൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന പടക്കങ്ങളിൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിരുന്നില്ലെന്നും അവ പരിസരത്തെ പ്രാണികളെ നശിപ്പിക്കാൻ സഹായിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. നെയ്യ് ഉപയോഗിച്ച് വിളക്കുകൾ കത്തിക്കുന്ന പരമ്പരാഗത രീതി അന്തരീക്ഷം ശുദ്ധീകരിക്കാൻ സഹായിക്കുമെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി. ‘ശുദ്ധമായ ചുറ്റുപാട് ശുദ്ധമായ ജീവിതത്തിലേക്ക് നയിക്കുന്നു’ എന്ന വാചകം ഉദ്ധരിച്ചുകൊണ്ട്, ഈ പരമ്പരാഗത രീതികൾക്ക് പിന്നിലെ ശാസ്ത്രീയത അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടും അഞ്ച് ദിവസങ്ങളിലായി ആഘോഷിക്കുന്ന ദീപാവലിയുടെ സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആശംസകൾ കൈമാറാനും ജനങ്ങളെ ഒരുമിച്ച് നിർത്താനും സഹായിക്കുന്ന ഉത്സവമാണിത്. ധർമ്മം സമൂഹത്തെ ഒന്നിപ്പിക്കാൻ സഹായിക്കുമെന്നും, പുരുഷന്മാരേക്കാൾ ആഴത്തിൽ ധർമ്മത്തെക്കുറിച്ച് മനസ്സിലാക്കാൻ സ്ത്രീകൾക്ക് പലപ്പോഴും കഴിയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരങ്ങളിൽ വായു നിലവാരം ദിനംപ്രതി മോശമാകുന്ന പശ്ചാത്തലത്തിലാണ് ആർ.എസ്.എസ് മേധാവിയുടെ ഈ പരാമർശങ്ങൾ വരുന്നത്. ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നത് മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വലിയ ചർച്ചകൾ നടക്കുന്ന സമയമാണിത്. ഡൽഹിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും മലിനീകരണം നിറഞ്ഞ ദീപാവലിയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ശരാശരി വായു ഗുണനിലവാര സൂചിക 376 എന്ന അപകടകരമായ അവസ്ഥയിലായിരുന്നു. തിങ്കളാഴ്ച രാവിലെയും ഈ അവസ്ഥയിൽ വലിയ മാറ്റമുണ്ടായിരുന്നില്ല. നഗരം പൂർണ്ണമായും പുകമഞ്ഞിൽ മൂടിയതിനാൽ രാവിലെ 10 മണിക്ക് എ.ക്യു.ഐ 371 ആയി തുടർന്നുവെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

Also read: