24-ാമത് മെഗാ കേബിൾ ഫെസ്റ്റിന് കൊച്ചിയിൽ പ്രൗഢോജ്ജ്വല തുടക്കം
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഡിജിറ്റൽ കേബിൾ, ബ്രോഡ്കാസ്റ്റ്, ബ്രോഡ്ബാൻഡ് എക്സിബിഷനായ ‘മെഗാ കേബിൾ ഫെസ്റ്റിന്റെ’ 24-ാമത് എഡിഷന് കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രൗഡോജ്ജ്വല തുടക്കം. സിഒഎ, കേരളവിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള ഇൻഫോ മീഡിയ സംഘടിപ്പിക്കുന്ന ഫെസ്റ്റിൻ്റെ ഔദ്യോഗിക ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. വേണു ഐ.എ.എസ്.(റിട്ട.) നിർവ്വഹിച്ചു. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജിയോ ഹോട്ട്സ്റ്റാർ മലയാളം എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് കിഷൻ കുമാർ, കൊച്ചി സെൻട്രൽ എ.സി.പി സിബി ടോം എന്നിവർ മുഖ്യാതിഥികളായി.
രാജ്യത്തിന് തന്നെ മാതൃകയായ കൂട്ടായ്മയാണ് കേരളവിഷന്റേതെന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഡോ. വേണു ഐഎഎസ് പറഞ്ഞു. വൻകിട കമ്പനികൾ ഇൻഡസ്ട്രിയെയാകെ വിഴുങ്ങുന്ന ഇന്നത്തെ കാലത്ത് സിഒഎയുടേയും കേരളവിഷന്റെയും വളർച്ചയ്ക്കും പുരോഗതിയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂട്ടായ്മയുടെ ഈ കരുത്താണ് കേരളവിഷന്റെ വളർച്ചയ്ക്കും കേബിൾ ടിവി, ബ്രോഡ്ബാൻഡ് മേഖലകൾക്ക് പുറമേ മറ്റ് വിവിധങ്ങളായ മേഖലകളിലേക്കും വളരുന്നതിനുള്ള ഊർജമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ടന്റ്, എന്റർടെയിൻമെന്റ് മേഖലകളിൽ കേരളം എക്കാലവും മുന്നിലാണെന്നും അതിന് ആക്കം കൂട്ടുന്ന രീതിയിൽ പുതിയ ചിന്തകൾക്കും മാറ്റങ്ങൾക്കും ആശയങ്ങൾക്കുമുള്ള വേദിയാകട്ടെ ഈ എക്സിബിഷനെന്ന് ജിയോ ഹോട്ട്സ്റ്റാർ മലയാളം എസിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് കിഷൻ കുമാർ പറഞ്ഞു.
ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ എല്ലാ മാധ്യമങ്ങളും വസ്തുതകളിൽ ഉറച്ചുനിന്ന് വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങൾ പരിപൂർണ്ണ ശ്രദ്ധ പുലർത്തണമെന്ന് എ.സി.പി സിബി ടോം പറഞ്ഞു.
മെഗാ കേബിൾ ഫെസ്റ്റ് ജനറൽ കൺവീനർ അബൂബക്കർ സിദ്ദിഖ്, സിഒഎ ജനറൽ സെക്രട്ടറി പി.ബി സുരേഷ്, ട്രഷറർ ബിനു ശിവദാസ്, കെസിസിഎൽ എംഡി അനിൽ മംഗലത്ത്, കേരള ഇൻഫോ മീഡിയ സിഇഒ എൻ.ഇ ഹരികുമാർ എന്നിവർ ഉദ്ഘാടന പരിപാടിയിൽ സംസാരിച്ചു.
നവംബർ 26, 27, 28 തീയതികളിൽ നടക്കുന്ന മെഗാ കേബിൾ ഫെസ്റ്റിൽ പ്രമുഖ ബ്രോഡ്കാസ്റ്റർമാരും ഡിജിറ്റൽ കേബിൾ, ബ്രോഡ്ബാന്റ് ടെക്നോളജി കമ്പനികളും ട്രേഡർമാരും പങ്കെടുക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉല്പന്നങ്ങളും നൂറോളം സ്റ്റാളുകളിലായി പ്രദർശിപ്പിക്കും. ഏഷ്യാനെറ്റ്, ജിയോ സാർ,ടൈംസ് നെറ്റുവർക്ക്, സോണി പിക്ചേഴ്സ്, ബിബിസി, സീ കേരളം, ഇൻഡ്യ ടുഡേ, ആജ് തക്, സൺ ടിവി തുടങ്ങിയ മുൻനിര ചാനലുകൾ മെഗാ ഫെസ്റ്റിൽ പങ്കെടുക്കും. ഡിജിറ്റൽ കേബിൾ ടിവി, അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, ഐപിടിവി, ഒപ്റ്റിക്കൽ ഫൈബർ ടെക്നോളജി, സ്മാർട്ട് ഹോം സൊല്യൂഷനുകൾ തുടങ്ങിയ മേഖലകളിലെ നൂതന ഉപകരണങ്ങൾ നേരിട്ട് കണ്ടറിയാനും വാങ്ങാനും ഫെസ്റ്റിൽ അവസരമുണ്ടാകും. പ്രദർശനത്തിന് പുറമെ കണ്ടന്റ്, ടെക്നോളജി, മാർക്കറ്റിംഗ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധർ നയിക്കുന്ന സെമിനാറുകളും പാനൽ ചർച്ചകളും മേളയുടെ ഭാഗമായി നടക്കും.
രണ്ടാം ദിവസമായ നവംബർ 27-ന് രാവിലെ സാങ്കേതിക മേഖലയിലെ വിദഗ്ധർ പങ്കാളികളാകുന്ന ടെക്നിക്കൽ സെമിനാർ നടക്കും. ഉച്ചയ്ക്ക് 3 മണിക്ക് ‘ലൈവ് സ്ട്രീമിംഗ് – ദി ഫ്യൂച്ചർ’ എന്ന വിഷയത്തിൽ നടക്കുന്ന ബ്രോഡ്കാസ്റ്റേഴ്സ് മീറ്റിൽ കെസിസിഎൽ ചെയർമാൻ പി.പി. സുരേഷ് കുമാർ മോഡറേറ്ററാകും. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് വൈസ് ചെയർമാൻ ശങ്കരനാരായണ, ടൈംസ് നെറ്റുവർക്ക് സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, ജിയോ സാർ ഡിസ്ട്രിബ്യൂഷൻ വൈസ് പ്രസിഡണ്ട് സുരേഷ് മുതലിയാർ, മാർ ഇവാനിയസ് കോളേജ് മാസ് കമ്യൂണിക്കേഷൻ & ജേർണലിസം വിഭാഗം മേധാവി എസ്.ആർ. സഞ്ജീവ്, ഡിസ്കവറി കമ്യൂണിക്കേഷൻസ് ഇന്ത്യാ ബിസിനസ് കൺസൾട്ടന്റ് സുനിൽ ഗണപതി എന്നിവർ പങ്കെടുക്കും.
സമാപന ദിവസമായ നവംബർ 28-ന് രാവിലെ ‘കേബിൾ ചാനലുകളും എ.ഐ, ഐപിടിവി, ഒടിടി സാധ്യതകളും’ എന്ന വിഷയത്തിലെ പ്രത്യേക സെമിനാറിൽ എക്സ്.ആർ ഹൊറൈസൺ സി.ഇ.ഒ ഡെൻസിൽ ആന്റണി, മാധ്യമപ്രവർത്തകനായ വർഗീസ് ആൻ്റണി, കേരളവിഷൻ ഡിജിറ്റൽ ഐപിടിവി /ഒടിടി വിഭാഗം മേധാവി ഉന്മേഷ് സദാശിവൻ എന്നിവർ പങ്കെടുക്കും.
കേബിൾ, ഇന്റർനെറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും സാങ്കേതിക വിദ്യയിൽ താത്പര്യമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന എക്സിബിഷനിലൂടെ ഈ മേഖലയിലെ പുതിയ സാങ്കേതിക മുന്നേറ്റങ്ങളും ഭാവി സാധ്യതകളും നേരിട്ട് പരിചയപ്പെടാൻ കഴിയും.