‘ലോക ബാങ്കിൻ്റെ 14,000 കോടി ബിഹാർ തെരഞ്ഞെടുപ്പിന് വേണ്ടി വകമാറ്റി’; എൻഡിഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോറിൻ്റെ പാർട്ടി
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ലോക ബാങ്ക് വായ്പ വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണവുമായി പ്രശാന്ത് കിഷോറിൻ്റെ ‘ജൻ സുരാജ്’ പാർട്ടി.
14,000 കോടി രൂപയുടെ ഫണ്ട് ആണ് വകമാറ്റി ചെലവഴിച്ചതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ സാധിക്കാതെ പോയതിന് പിന്നാലെയാണ് പാർട്ടിയുടെ ദേശീയ പ്രസിഡൻ്റ് ഉദയ് സിംഗ് ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ജൂൺ മുതൽ ഏകദേശം 40,000 കോടി രൂപ സർക്കാർ ചെലവഴിച്ചു. ഇതിൽ 14,000 കോടി രൂപ ലോക ബാങ്കിൽ നിന്ന് മറ്റ് ആവശ്യങ്ങൾക്കായി എടുത്ത വായ്പയാണെന്നാണ് സിങ്ങിൻ്റെ ആരോപണം.
വോട്ടർമാർക്ക് സൗജന്യങ്ങളും ധനസഹായങ്ങളും നൽകാനാണ് ഈ തുക ഉപയോഗിച്ചത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നിട്ടും ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന’യുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകൾക്ക് 10,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തത് ഈ ഫണ്ട് ഉപയോഗിച്ചാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ പണം നൽകി വിലയ്ക്ക് വാങ്ങാനുള്ള ശ്രമമാണ് നടന്നതെന്നും ഇത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. ജനങ്ങളുടെ പണം ഉപയോഗിച്ച് വോട്ടുകൾ വാങ്ങാൻ ശ്രമിച്ചിരുന്നില്ലെങ്കിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം തകർന്നുപോകുമായിരുന്നുവെന്നും ഉദയ് സിംഗ് പറഞ്ഞു.
പാർട്ടി നേതാവായ പവൻ വർമ്മയും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചു. ലോക ബാങ്കിന്റെ 21,000 കോടി രൂപയുടെ ഫണ്ടാണ് വകമാറ്റിയതെന്നും ഇതിൽ 14,000 കോടി രൂപ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ 1.25 കോടി സ്ത്രീകൾക്ക് വിതരണം ചെയ്തെന്നും വർമ്മ പറഞ്ഞു. ആരോപണങ്ങളോട് എൻഡിഎ സഖ്യവും ബീഹാർ സർക്കാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.