31/03/2026
[fontresizer_tawhidurrahmandear_widget]

‘പശ്ചിമേഷ്യയുടെ സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഇറാനല്ല; ഇസ്രയേൽ’ പ്രമേയം പാസാക്കി ഓക്സ്ഫോർഡ് യൂനിയൻ

 ‘പശ്ചിമേഷ്യയുടെ സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഇറാനല്ല; ഇസ്രയേൽ’ പ്രമേയം പാസാക്കി ഓക്സ്ഫോർഡ് യൂനിയൻ

ലണ്ടൻ: സമാധാനത്തിന് ഇറാനെക്കാള്‍ വലിയ ഭീഷണിയാണ് ഇസ്രയേലെന്ന് പ്രമേയം പാസാക്കി ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ സംവാദ വേദികളിലൊന്നായ ഓക്‌സ്‌ഫോര്‍ഡ് യൂനിയന്‍. മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യയും ജനീവ ആസ്ഥാനമായുള്ള എന്‍ജിഒ യുഎന്‍ വാച്ചിന്റെ ഡയരക്ടര്‍ ഹില്ലല്‍ ന്യൂയര്‍ എന്നിവര്‍ തമ്മില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചൂടുപിടിച്ച സംവാദത്തിനൊടുവിലാണ് പ്രമേയം വന്‍ ഭൂരിപക്ഷത്തിന് പാസാക്കിയത്. കഴിഞ്ഞ 13-ന് നടന്ന സംവാദത്തില്‍, 265 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 113 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

ആഗോളതലത്തില്‍ ഇസ്രയേലിന്റെ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളുടെയും പ്രതിഷേധങ്ങളുടെയും സ്വാധീനം വ്യക്തമാക്കുന്നതു കൂടിയാണ് സംവാദത്തിന്റെ ഫലം. ഇസ്രയേല്‍ മേഖലയില്‍ നടത്തുന്ന കുറ്റകൃത്യങ്ങളും മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും ഭീകരതയുമെല്ലാം അക്കമിട്ടു നിരത്തിയാണ് മുഹമ്മദ് ഷതയ്യ സംസാരിച്ചത്.

ഇസ്രയേല്‍ ഒരു ‘വികസിത കോളോണിയല്‍ രാഷ്ട്രമാണ്’ എന്നും നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന, അന്താരാഷ്ട്രതലത്തില്‍ ബഹിഷ്‌കൃതരായ ഒരു ഭരണകൂടമാണെന്നും ഷതയ്യ വാദിച്ചു. ഇസ്രായേല്‍ നിരന്തരമായി യുഎന്‍ പ്രമേയങ്ങളെ അവഗണിക്കുന്നതും അപാര്‍ത്തീഡ് നടപ്പാക്കുന്നതും വംശഹത്യ നടത്തുന്നതുമെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ഇസ്രയേലി നേതാക്കള്‍ നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് നദി വരെ തങ്ങളുടെ അതിര്‍ത്തി വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വാദിച്ചു.

ഇസ്രയേലിന് ആഗോള ശക്തികളില്‍ നിന്ന് സൈനികവും നയതന്ത്രപരവുമായ പിന്തുണ ലഭിക്കുന്നതിനാല്‍ ‘എല്ലാ ആയുധങ്ങളും ലഭിക്കുന്നു, എന്നാല്‍ ഒരു പ്രത്യാഘാതവും നേരിടേണ്ടിവരുന്നില്ല’ എന്ന് പ്രമേയം അവതരിപ്പിച്ച അലക്‌സ് വെബ്സ്റ്റര്‍ ചൂണ്ടിക്കാട്ടി. പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ച ജെസീക്ക റോവ്, ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങള്‍ ‘പ്രതിരോധത്തിന്റെ മറവിലെ ആക്രമണം’ ആണെന്നും സഖ്യകക്ഷികളുടെ മേലുള്ള സ്വാധീനം നിലനിര്‍ത്താന്‍ ഇസ്രയേല്‍ വിദേശ നയത്തിലൂടെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

യുഎന്‍ വാച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹില്ലല്‍ ന്യൂയര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചു. ഈ പ്രമേയം യാഥാര്‍ത്ഥ്യത്തിന്റെ ‘തലകീഴായ ചിത്രീകരണം’ ആണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയില്‍ യുദ്ധങ്ങള്‍ ആരംഭിക്കുന്നത് ആരാണോ, അവരെ അളന്നാണ് പ്രാദേശിക സ്ഥിരത നിര്‍ണയിക്കേണ്ടതെന്ന് ന്യൂയര്‍ വാദിച്ചു. ഇറാന്‍ ഭരണകൂടമാണ് സിറിയ, യമന്‍, ഇറാഖ്, ഗസ്സ ഉള്‍പ്പെടെ അഞ്ച് അറബ് രാജ്യങ്ങളില്‍ ഭീകര സംഘടനകള്‍ക്ക് ആയുധം നല്‍കി മേഖലയെ അസ്ഥിരപ്പെടുത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

മിതവാദികളായ അറബ് രാജ്യങ്ങളായ ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ, ബഹ്റൈന്‍ എന്നിവ ഇസ്രയേലുമായി ദീര്‍ഘകാലമായി തന്ത്രപരമായ സഖ്യത്തിലാണെന്ന് ന്യൂയര്‍ പറഞ്ഞു. 2024 ഏപ്രിലില്‍ ഇറാന്‍ ഇസ്രയേലിനെതിരെ ആക്രമണം നടത്തിയപ്പോള്‍, സുന്നി അറബ് രാജ്യങ്ങള്‍ വ്യോമാക്രമണങ്ങളെ തടയാന്‍ സഹായിച്ചത് ഇസ്രയേല്‍ ഒരു പങ്കാളിയാണെന്ന് അവര്‍ വിശ്വസിക്കുന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: