‘799 രൂപയുടെ സൗജന്യ റീചാര്‍ജ്; രാജ്യത്ത് എല്ലാവര്‍ക്കും മോദിയുടെ സമ്മാനം’; സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുടെ യാഥാര്‍ഥ്യം വിശദീകരിച്ച് പിഐബി
ബീഹാർ: സൗജന്യവാര്‍ത്തകള്‍ കേട്ടാല്‍ അതിനു പിന്നാലെ ഓടാന്‍ ആളുണ്ട്. അതിന്‍രെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ ആര്‍ക്കും സമയമുണ്ടാകില്ല. മനുഷ്യസഹജമായ ആ ദൗര്‍ബല്യം മുതലെടുത്ത് സോഷ്യല്‍ മീഡിയയില്‍ പുതിയ തട്ടിപ്പ് സന്ദേശങ്ങള്‍ വ്യാപകമാകുകയാണ്. അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി 799 രൂപയുടെ മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീചാര്‍ജ് നല്‍കുന്നുവെന്നൊരു വാട്ട്സ്ആപ്പ് സന്ദേശം ബിഹാറില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച പശ്ചാത്തലത്തില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതില്‍ ഇപ്പോള്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓഫര്‍ ക്ലെയിം ചെയ്യണം എന്ന നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത്. ഇമോജികളും വിശ്വാസ്യത കൂട്ടുന്ന വാചകങ്ങളും ഉപയോഗിച്ചാണ് ഈ സന്ദേശം ആളുകളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഈ അവകാശവാദം പൂര്‍ണമായും വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്ക് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ഇത്തരത്തിലുള്ള യാതൊരു സൗജന്യ റീചാര്‍ജ് പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല.
സര്‍ക്കാരിന്റെ മുന്നറിയിപ്പ് അനുസരിച്ച്, ഇത്തരം ലിങ്കുകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നത് വലിയ അപകടങ്ങളാണ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, അല്ലെങ്കില്‍ മറ്റ് സെന്‍സിറ്റീവ് ഡാറ്റ എന്നിവ തട്ടിയെടുക്കാന്‍ സാധ്യതയുണ്ട്. ചില ലിങ്കുകള്‍ നിങ്ങളുടെ ഫോണിലേക്ക് വൈറസുകള്‍ കടത്തിവിട്ട് ഫോണ്‍ പൂര്‍ണമായും ഹാക്ക് ചെയ്യാന്‍ വരെ കാരണമായേക്കാം.
സൗജന്യ ഓഫറുകളോ സാമ്പത്തിക ആനുകൂല്യങ്ങളോ വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ വീഴരുത് എന്ന് സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. വ്യാജ വിവരങ്ങള്‍ അതിവേഗം പടരുന്ന ഒരു കാലഘട്ടമാണിത്. അതിനാല്‍, ഒരു സന്ദേശം ലഭിച്ചാല്‍ പരിശോധിക്കാതെ പങ്കുവെക്കുന്നത് കൂടുതല്‍ ദോഷങ്ങളിലേക്ക് നയിക്കും.