27/01/2026

പിഎം കിസാന്‍ 21-ാം ഗഡു വിതരണം ആരംഭിച്ചു 9 കോടി കര്‍ഷകര്‍ക്ക് 2,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്

 പിഎം കിസാന്‍ 21-ാം ഗഡു വിതരണം ആരംഭിച്ചു 9 കോടി കര്‍ഷകര്‍ക്ക് 2,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്

തമിഴ്നാട്: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതിയുടെ 21-ാമത് ഗഡു വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്‍പത് കോടിയിലധികം യോഗ്യരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2,000 രൂപ വീതം അയയ്ക്കും.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന ചടങ്ങിലാണ് ഏകദേശം 18,000 കോടി രൂപയുടെ ട്രാന്‍സാക്ഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ യോഗ്യരായ കർഷകർക്ക് ഇപ്പോൾ പിഎം-കിസാൻ പോർട്ടലിൽ അവരുടെ പേയ്‌മെന്റ് സ്റ്റാറ്റസ്, ഇ-കെവൈസി, യോഗ്യത എന്നിവ പരിശോധിക്കാവുന്നതാണ്.

2019 ഫെബ്രുവരി 24ന് ആരംഭിച്ച പിഎം കിസാന്‍ യോജന പ്രകാരം കര്‍ഷകര്‍ക്ക് വാര്‍ഷികമായി 6,000 രൂപ മൂന്ന് ഗഡുക്കളായി നല്‍കുന്നു. ഇതുവരെ 11 കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് 20 ഗഡുക്കളായി 3.70 ലക്ഷം കോടി രൂപ വിതരണം ചെയ്തു. ഭൂമി രേഖകള്‍ അപ്‌ലോഡ് ചെയ്തതും ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചതും ഇ-കെവൈസി പൂര്‍ത്തിയാക്കിയതുമായ കര്‍ഷകര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്.

പദ്ധതിയുടെ യോഗ്യത പരിശോധിക്കുന്ന പ്രക്രിയ കര്‍ശനമാക്കിയതോടെ 21ാം ഗഡുവിന് അര്‍ഹരായ കര്‍ഷകരുടെ എണ്ണം ഏഴു ലക്ഷമായി കുറഞ്ഞു. മുന്‍ ഗഡുവായ ഏപ്രില്‍-ജൂലൈ കാലയളവില്‍ 97.14 ലക്ഷം കര്‍ഷകര്‍ക്ക് തുക ലഭിച്ചിരുന്നപ്പോള്‍, 2024-25 ഡിസംബര്‍-മാര്‍ച്ച് ഗഡുവില്‍ 10.68 ലക്ഷം കര്‍ഷകര്‍ക്ക് പണം ലഭിച്ചു. രേഖകള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തിയ നിരവധി രജിസ്‌ട്രേഷനുകള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചിട്ടുണ്ടെന്നും എല്ലാ യോഗ്യരായ കര്‍ഷകരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ രാജ്യവ്യാപകമായി സാച്ചുറേഷന്‍ ഡ്രൈവ് നടത്തിവരുന്നതായും കൃഷി വകുപ്പ് വ്യക്തമാക്കി.

വരുമാനപരിധിക്കു മുകളിലുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ജനപ്രതിനിധികള്‍, പ്രതിമാസം 10,000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അര്‍ഹതയില്ല.

പേയ്‌മെന്റ് നില പരിശോധിക്കുന്നതിന് പിഎംകിസാന്‍ പോര്‍ട്ടലില്‍ know your status അല്ലെങ്കില്‍ beneficiary status തിരഞ്ഞെടുക്കാം. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി സമര്‍പ്പിച്ചാല്‍ പേയ്‌മെന്റ് വിവരങ്ങള്‍, ഇ-കെവൈസി അപ്‌ഡേറ്റ്, യോഗ്യത എന്നിവ ലഭിക്കും. പട്ടികയില്‍ നിന്ന് പേര് നഷ്ടപ്പെട്ടതായി കാണുന്ന കര്‍ഷകരോ തടഞ്ഞിരിക്കുന്നു എന്ന് സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുന്നവരോ ഇ-കെവൈസി പുതുക്കുകയും തദ്ദേശ സ്ഥാപനങ്ങളില്‍ ഭൂമി രേഖകള്‍ പരിശോധിക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു.

Also read: