27/01/2026

അങ്കത്തട്ടിലേക്ക് അനില്‍ അക്കരയും; അടാട്ട് പഞ്ചായത്തിലേക്ക് മത്സരിക്കും

 അങ്കത്തട്ടിലേക്ക് അനില്‍ അക്കരയും; അടാട്ട് പഞ്ചായത്തിലേക്ക് മത്സരിക്കും

തൃശൂര്‍: കെപിസിസി ജനറൽ സെക്രട്ടറിയും വടക്കാഞ്ചേരി മുൻ എംഎൽഎയുമായ അനിൽ അക്കര(Anil Akkara) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കും. തൃശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിലെ 15–ാം വാർഡിൽ നിന്നാണ് അദ്ദേഹം ഇത്തവണ ജനവിധി തേടുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിരുന്ന അനിൽ അക്കരയുടെ പഞ്ചായത്ത് തലത്തിലേക്കുള്ള മടങ്ങിവരവ് ശ്രദ്ധേയമാണ്. 2000 മുതൽ 2003 വരെ അടാട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റായും 2003-10 കാലത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

2000 മുതല്‍ കോണ്‍ഗ്രസ് കൈവശംവച്ച പഞ്ചായത്താണ് അടാട്ട്. എന്നാല്‍, കഴിഞ്ഞ തവണ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇത്തവണ, പഞ്ചായത്ത് തിരിച്ചുപിടിക്കാനാണ് അനിലിനെ പോലെയുള്ള പ്രമുഖ നേതാവിനെ തന്നെ കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചാണ് അനിൽ അക്കര നിയമസഭയിലെത്തിയത്. എന്നാൽ, 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളിയോട് പരാജയപ്പെട്ടു.

എഐസിസി സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ അടുത്തിടെയാണ് കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്.

Also read: