ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാര്‍ അറസ്റ്റില്‍
എ. പദ്മകുമാര്‍
പത്തനംതിട്ട: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ഒരു രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണു നടപടി. എസ്‌ഐടി സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. സ്വര്‍ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പത്മകുമാറിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ടയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ നല്‍കിയ മൊഴികളാണ് പത്മകുമാറിലേക്ക് അന്വേഷണം എത്തിച്ചത്. സ്വര്‍ണം മറിച്ചു വില്‍ക്കാനുള്ള ശ്രമങ്ങള്‍ക്കും തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കും ഇയാളുടെ ഒത്താശ ലഭിച്ചതായി പൊലീസ് സംശയിക്കുന്നു.
സ്വര്‍ണം സൂക്ഷിച്ചിരുന്ന നിലവറയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകളും ക്രമക്കേടുകളും പത്മകുമാറിന്റെ ഭരണകാലത്താണ് നടന്നതെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി. കേസിന്റെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും, വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.