ശബരിമല സ്വർണക്കൊള്ള: ‘വേലി തന്നെ വിളവു തിന്നുന്നു’- എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി
കൊല്ലം: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളകളിലും പതിപ്പിച്ചിരുന്ന സ്വർണപ്പാളികൾ അപഹരിച്ച സംഭവം അതീവ ഗൗരവതരമാണെന്ന് കൊല്ലം വിജിലൻസ് കോടതി. ‘വേലി തന്നെ വിളവു തിന്നുന്നതിന് തുല്യമാണ്’ ഇത്തരം നടപടിയെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് വിജിലൻസ് ജഡ്ജി ഡോ. സി.എസ്. മോഹിത് കടുത്ത പരാമർശങ്ങൾ നടത്തിയത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വികാരമാണ് ശബരിമലയെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ ഭാഗമായ സ്വർണം സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തന്നെ അത് മോഷ്ടിച്ചു എന്നത് ഞെട്ടിക്കുന്നതാണ്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സ്വർണപ്പാളികൾ അപഹരിക്കാൻ സഹായിച്ചതിൽ പത്മകുമാറിന് വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് കോടതി വ്യക്തമാക്കി.
ദേവസ്വം നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ടുന്ന ഉന്നത പദവിയിലിരുന്ന വ്യക്തി തന്നെ നിയമവ്യവസ്ഥകളെ നിർലജ്ജം ലംഘിച്ചു. മോഷ്ടിക്കപ്പെട്ട സ്വർണം കണ്ടെത്താൻ അന്വേഷണ ഏജൻസിക്ക് ഇതുവരെ സാധിച്ചിട്ടില്ല. കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കപ്പെടാൻ കാരണമാകുമെന്നും വിലയിരുത്തിയാണ് കോടതി ജാമ്യം നിഷേധിച്ചത്.