‘വ്‌ളോഗിങ് വേണ്ട; ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റും മോഡിഫിക്കേഷനും കൂടുന്നു’-കര്‍ശന നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് റോഡ് സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന വാഹനത്തിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പരിഷ്‌കരണങ്ങളും നിയന്ത്രിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഡ്രൈവര്‍ കാബിനില്‍ വ്‌ലോഗിംഗ് നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായും അതു നിര്‍ബന്ധമായും നിരോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍, ഡ്രൈവര്‍ വീഡിയോ പകര്‍ത്തുന്നതിനിടെ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന അപകടങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോടതി കടുത്ത പ്രതികരണമാണ് രേഖപ്പെടുത്തിയത്.
ഹൈക്കോടതി ബെഞ്ചായ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് സുരലീ കൃഷ്ണ എസ്.യും, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിക്കുന്ന ലേസര്‍ ലൈറ്റുകള്‍, മള്‍ട്ടികോളര്‍ എല്‍ഇഡി ലൈറ്റുകള്‍, ശക്തമായ ഓഡിയോ സംവിധാനങ്ങള്‍ എന്നിവ യാത്രക്കാരുടെയും മറ്റു റോഡ് ഉപയോക്താക്കളുടെയും സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളുമായി നടത്തിയ ഒരു യാത്രയില്‍, മുഴുവന്‍ ബസും മള്‍ട്ടികോളര്‍ ലൈറ്റുകളാല്‍ നിറഞ്ഞ നിലയില്‍ നൃത്തം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ അവതരിപ്പിച്ചപ്പോള്‍, ഇത് അത്യന്തം അപകടകരവും നിയന്ത്രണരഹിതവുമായ പ്രവണതയാണെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ എഐസ്008 (ലൈറ്റിങ് ഇന്‍സ്റ്റലേഷന്‍ മാനദണ്ഡം) എഐസ്052 (ബസ് ബോഡി കോഡ്) അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ലംഘിക്കപ്പെടുന്നുവെന്നും കോടതി സൂചിപ്പിച്ചു. ഇത്തരം നിയമലംഘനങ്ങളില്‍ എന്‌ഫോഴ്‌സ്‌മെന്റ് ശക്തമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും കോടതി നിര്‍ദ്ദേശം നല്‍കി. അനധികൃത ലൈറ്റുകള്‍, ഫിറ്റിങ്ങുകള്‍ എന്നിവ കണ്ടെത്തിയാല്‍ ശക്തമായ ശിക്ഷയും പിഴയും ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിയമലംഘനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് രണ്ട് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. റോഡുകളില്‍ രക്ഷിക്കാവുന്ന അപകടങ്ങള്‍ അനാവശ്യമായ രീതിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും, അതിനാല്‍ ഇത്തരം അവ്യവസ്ഥകള്‍ അടിയന്തരമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.