ഐഫോണിലെ ‘i’ യുടെ അർഥം എന്ത്?സ്റ്റീവ് ജോബ്സ് വെളിപ്പെടുത്തിയ ആ 5 രഹസ്യങ്ങള്‍
ഐഫോൺ, ഐപാഡ്, ഐമാക്, ഐപോഡ്… ആപ്പിൾ ഉൽപ്പന്നങ്ങളുടെ പേരിലെല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു അക്ഷരമുണ്ട്; ‘i’. ലോകമെമ്പാടും കോടിക്കണക്കിന് ഉപയോക്താക്കൾ ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഈ പേരിന് പിന്നിലെ യഥാർത്ഥ അർത്ഥം എന്താണെന്ന് പലർക്കും അറിയില്ല.
ഭൂരിഭാഗം പേരും കരുതുന്നത് ‘i’ എന്നത് ‘ഇന്റര്‍നെറ്റ്’ (Internet) എന്നതിനെയാണ് സൂചിപ്പിക്കുന്നത് എന്നാണ്. എന്നാൽ അത് മാത്രമല്ല വാസ്തവം. ആപ്പിളിന്റെ ചരിത്രത്തിൽ നിർണ്ണായകമായ ഈ അക്ഷരത്തിന് ഒന്നല്ല, അഞ്ച് അർത്ഥങ്ങളാണുള്ളത്.
ചരിത്രം ഇങ്ങനെ;
1998-ൽ ആദ്യത്തെ ഐമാക് (iMac) അവതരിപ്പിച്ച വേദിയിലാണ് ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഈ രഹസ്യം പരസ്യമാക്കിയത്. ആപ്പിൾ തങ്ങളുടെ ഉൽപ്പന്നങ്ങളിലൂടെ മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെയും തത്വങ്ങളെയുമാണ് ഈ ഒറ്റ അക്ഷരം പ്രതിനിധീകരിക്കുന്നത്.
സ്റ്റീവ് ജോബ്സിന്റെ വിശദീകരണ പ്രകാരം Internet (ഇന്റര്‍നെറ്റ്), Individual (വ്യക്തി), Instruct (നിര്‍ദ്ദേശം), Inform (വിവരം), Inspire (പ്രചോദനം) എന്നിങ്ങനെ അഞ്ച് അർത്ഥങ്ങളാണ് ഇതിനുള്ളത്.
അവയുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്:
- ഇന്റര്‍നെറ്റ് (Internet): 1998 കാലഘട്ടത്തിൽ ഉപയോക്താക്കൾക്ക് ഏറ്റവും എളുപ്പത്തിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുക എന്നതായിരുന്നു ഐമാക്കിന്റെ പ്രധാന ലക്ഷ്യം. അതിനാൽ ‘i’ യുടെ പ്രാഥമിക അർത്ഥം ഇന്റർനെറ്റ് എന്ന് തന്നെയാണ്.
- ഇന്റിവിജ്വല്‍ (Individual – വ്യക്തി): ആപ്പിൾ ഉൽപ്പന്നങ്ങൾ ഓരോ വ്യക്തിക്കും അവരുടേതായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നവയാണ്. ഉപയോക്താക്കൾക്ക് തനതായ, വ്യക്തിപരമായ അനുഭവം (Personalized experience) നൽകുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
- ഇന്‍സ്ട്രക്ട് (Instruct – നിർദ്ദേശം/പഠനം): സാങ്കേതിക ഉപകരണങ്ങൾ വെറും വിനോദത്തിനല്ല, മറിച്ച് വിദ്യാഭ്യാസത്തിനും പഠനാവശ്യങ്ങൾക്കും ഉതകുന്നവയായിരിക്കണം എന്ന് ആപ്പിൾ വിശ്വസിക്കുന്നു.
- ഇന്‍ഫോം (Inform – വിവരം): ലോകമെമ്പാടുമുള്ള വിവരങ്ങളും അറിവുകളും ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള ആപ്പിളിന്റെ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത്.
- ഇന്‍സ്പയര്‍ (Inspire – പ്രചോദനം): ആപ്പിളിന്റെ രൂപകൽപ്പനയും സാങ്കേതികവിദ്യയും ഉപയോക്താക്കളിൽ സർഗ്ഗാത്മകത വളർത്താനും പുതിയ കാര്യങ്ങൾ ചെയ്യാൻ പ്രചോദനമേകാനും സഹായിക്കുന്നു.
ചുരുക്കത്തിൽ, സാങ്കേതികവിദ്യയും മനുഷ്യന്റെ സർഗ്ഗാത്മകതയും ഒത്തുചേരുന്ന ഒരു തത്വശാസ്ത്രമാണ് ആപ്പിൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പേരിലെ ഈ ചെറിയ അക്ഷരത്തിലൂടെ ലോകത്തോട് വിളിച്ചുപറയുന്നത്