റാഫേലിനു മൂര്‍ച്ഛ കൂടും; ഇന്ത്യയിൽ ഹാമര്‍ മിസൈലുകള്‍ നിർമിക്കുന്നു
ഫ്രാൻസുമായി കരാറിൽ ഒപ്പിട്ടു
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്ത് നിർണായകമായ ചുവടുവയ്പ്പ്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും (BEL) ഫ്രാൻസിലെ സഫ്രാൻ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഡിഫൻസും (SED) സംയുക്തമായി ഇന്ത്യയില്‍ അത്യാധുനിക ആയുധ നിര്‍മാണത്തിനൊരുങ്ങുന്നു. ‘ഹാമർ’ (Highly Agile Modular Munition Extended Range) സ്മാർട്ട് പ്രിസിഷൻ-ഗൈഡഡ് ആയുധ സംവിധാനമാണ് ഇന്ത്യയിൽ നിർമിക്കാൻ ധാരണയായത്. ഇതിനായി ഇരു കമ്പനികളും തമ്മിൽ സംയുക്ത സംരംഭ സഹകരണ കരാറിൽ ഒപ്പുവെച്ചു.
മികച്ച കൃത്യതയും മോഡുലാർ രൂപകൽപ്പനയുമുള്ള ഈ ആയുധത്തിന് 70 കിലോമീറ്റർ ദൂരപരിധിക്കുള്ളിലെ ശത്രുക്കളുടെ ബങ്കറുകളും കോൺക്രീറ്റ് ഷെൽട്ടറുകളും നശിപ്പിക്കാൻ കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ ദൗത്യങ്ങൾക്ക് ഈ കരാർ വലിയ ഉത്തേജനം നൽകും. ഹാമർ മിസൈലുകൾ നിലവിൽ റാഫേൽ വിമാനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ, തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) തേജസ് ജെറ്റുകളിലും ഇനി ഈ ആയുധം സജ്ജീകരിക്കും.
50:50 ഓഹരി പങ്കാളിത്തത്തോടെയാണ് പുതിയ സ്വകാര്യ ലിമിറ്റഡ് കമ്പനി രൂപീകരിക്കുന്നത്. പ്രാദേശിക നിർമാണത്തിലൂടെ ഹാമർ ആയുധങ്ങളുടെ തദ്ദേശീയവൽക്കരണം ഘട്ടം ഘട്ടമായി 60 ശതമാനം വരെ ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ വ്യോമസേനയുടെയും നാവികസേനയുടെയും പ്രവർത്തന ആവശ്യങ്ങൾക്കായി ഹാമറിന്റെ നിർമാണം, വിതരണം, പരിപാലനം എന്നിവ പൂർണമായും തദ്ദേശീയവല്‍ക്കരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.