വീടിന്‍റെ ഷെഡില്‍ നിന്നു തുടക്കം, സൈക്കിളില്‍ വീടുതോറും കയറിയിറങ്ങി കച്ചവടം; ‘വാഷിങ് പൗഡര്‍ നിര്‍മ’ ശതകോടികള്‍ ആസ്തിയുള്ള ബ്രാന്‍ഡായത് ഇങ്ങനെ
സ്വപ്നം കാണുക, അത് നേടിയെടുക്കുക… അതാണ് ലക്ഷ്യത്തിലേക്കുള്ള ഏക വഴി. അത്തരത്തില്‍ തടസങ്ങളൊക്കെ താണ്ടി വിജയപാത തീര്‍ത്ത ഒരു വ്യവസായിയെ പരിചയപ്പെടാം. ‘വാഷിങ് പൗഡര്‍ നിര്‍മ’ എന്ന പരസ്യം ആരും മറക്കാനിടയില്ല. അതെ, പറഞ്ഞുവരുന്നത് പ്രശസ്തമായ നിര്‍മ ഡിറ്റര്‍ജന്റ് ബ്രാന്‍ഡിന്റെ സ്ഥാപകന്‍ കര്‍സന്‍ഭായ് പട്ടേലിനെക്കുറിച്ചാണ്. സൈക്കിളില്‍ സോപ്പു പൊടികളുമായി വീടുകള്‍തോറും കയറിയിറങ്ങി വിറ്റിരുന്ന ഒരാള്‍… പില്‍ക്കാലത്ത് രാജ്യത്തെ മുന്‍നിര ഡിറ്റര്‍ജന്‍റ് കമ്പനിയുടെ അധിപരനായ, ശതകോടികള്‍ ആസ്തിയുള്ള മുന്‍നിര വ്യവസായിയായ കഥയാണു പറയുന്നത്.
ആരാണ് കര്‍സന്‍ഭായ് പട്ടേല്‍?
കര്‍സന്‍ഭായ് പട്ടേലിന്റെ ജീവിതം പലര്‍ക്കും അവരുടെ സ്വപ്നങ്ങളെ പിന്തുടരാനും അത് വലുതാക്കാനും പ്രചോദനമാവും. റിപ്പോര്‍ട്ട് അനുസരിച്ച് പട്ടേലിന്റെ ആസ്തി ഇന്ന് 2.9 ബില്യണ്‍ ഡോളറാണ് (23000 കോടിയിലധികം രൂപ). ഗുജറാത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് കര്‍സന്‍ഭായ് പട്ടേല്‍ ജനിച്ചത്. 21ാം വയസ്സില്‍ അദ്ദേഹം കെമിസ്ട്രിയില്‍ ബിഎസ്‌സി പൂര്‍ത്തിയാക്കി. പിന്നീട്, ഒരു ലബോറട്ടറി അസിസ്റ്റന്റായി അദ്ദേഹം തന്റെ കരിയര്‍ തുടങ്ങി. തുച്ഛമായ വരുമാനം ഉണ്ടായിരുന്നിട്ടുപോലും സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിച്ച് കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നല്‍കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
വിപണിസാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് കുറഞ്ഞ വിലയ്ക്ക് ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 1969 ല്‍, അദ്ദേഹം തന്റെ വീടിന്റെ പിന്‍ഭാഗത്തായി ഒരു ഷെഡില്‍ നിര്‍മ്മിച്ച് പായ്ക്ക് ചെയ്ത ഡിറ്റര്‍ജന്റ് പൗഡറിന്റെ വില്‍പ്പന ആരംഭിച്ചു. സൈക്കിള്‍ ചവിട്ടി കര്‍സന്‍ഭായ് വീടുവീടാന്തരം പോയി കൈകൊണ്ട് നിര്‍മ്മിച്ച ഡിറ്റര്‍ജന്റ് പാക്കറ്റുകള്‍ വിറ്റതാണ് തുടക്കം. അത് വളരെ പെട്ടന്നുതന്നെ വലിയ വിജയമായി. കിലോയ്ക്ക് വെറും 3 രൂപ നിരക്കിലാണ് അന്ന് പട്ടേലിന്റെ ഡിറ്റര്‍ജന്റ് പൗഡര്‍ വിറ്റുപോയത്. അതായത് അന്നത്തെ മുന്‍നിര ഡിറ്റര്‍ജന്റുകളുടെ വിലയുടെ മൂന്നിലൊന്ന് വിലയ്ക്കാണ് അന്ന് അദ്ദേഹം വിറ്റത്.
ഡിറ്റര്‍ജന്റിന്റെ ഉയര്‍ന്ന നിലവാരവും കുറഞ്ഞ വിലയും നിര്‍മയുടെ ജനപ്രീതിയ്ക്ക് മികച്ച വിപണി മൂല്യം നല്‍കി. ഒരു ദശാബ്ദത്തിനുള്ളില്‍, നിര്‍മ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഡിറ്റര്‍ജന്റായി മാറി. 2020 ഫെബ്രുവരിയുടെ തുടക്കത്തില്‍, നിര്‍മ ഇമാമി സിമന്റ് 5,500 കോടിക്ക് ഏറ്റെടുത്തു. കര്‍സന്‍ഭായ് പട്ടേലിന്റെ പരേതയായ മകള്‍ നിരുപമയുടെ പേരിലാണ് കണ്‍സ്യൂമര്‍ ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ആവശ്യകത വര്‍ദ്ധിച്ചതോടെ പട്ടേലിന് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടി വന്നു. അതുവഴി നിര്‍മ്മയുടെ വിജയം വേഗത്തില്‍ വളര്‍ന്നു. ബിസിനസ്സ് പെട്ടെന്ന് രാജ്യത്ത് പ്രശസ്തി നേടി. ഇന്ന്, കര്‍സന്‍ഭായ് പട്ടേലിന്റെ ഉല്‍പ്പന്നം ആഗോള തലത്തിലേക്കുയര്‍ന്നു.
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഡിറ്റര്‍ജന്റ് ബ്രാന്‍ഡുകളില്‍ ഒന്നാണ്. 2019ല്‍ ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ 30-ാം സ്ഥാനത്ത് കര്‍സന്‍ഭായിയുമുണ്ട്.
1990ല്‍ ഉദ്യോഗ് രത്‌ന അവാര്‍ഡ്, 1998ല്‍ ഗുജറാത്ത് ബിസിനസ്മാന്‍ അവാര്‍ഡ്, 2006ല്‍ ഏണസ്റ്റ് & യംഗ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, 2009ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിശ്വ പ്രതിഭ അവാര്‍ഡ്, 2009ല്‍ ബറോഡ സണ്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, 2010ല്‍ പത്മശ്രീ അവാര്‍ഡ് എന്നിവ അദ്ദേഹത്തിനെ തേടിയെത്തി.നിലവില്‍ 7,000 കോടി രൂപയായാണ് അദ്ദേഹത്തിന്റെ വാര്‍ഷിക വിറ്റുവരവ്. വിവിധ ബിസിനസുകളിലായി നിര്‍മ ഗ്രൂപ്പിന്റെ ആസ്തി 23,000 കോടിയും വരും.