സര്‍വാധിപതിയായി അസീം മുനീര്‍; പാക് സൈന്യത്തില്‍ അടിമുടി മാറ്റങ്ങള്‍
ഇസ്ലാമാബാദ്: സൈനിക കമാൻഡ് ഘടനയില്‍ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ അഴിച്ചുപണിയുമായി പാകിസ്ഥാൻ. ഈ സുപ്രധാന മാറ്റത്തിൻ്റെ ഭാഗമായി, ഫീൽഡ് മാർഷൽ അസീം മുനീർ രാജ്യത്തിൻ്റെ പ്രഥമ പ്രതിരോധ സേനാ മേധാവിയായി ചുമതലയേൽക്കും. മൂന്ന് സേനാ വിഭാഗങ്ങളുടെയും ആണവായുധത്തിന്റെയും ഉള്‍പ്പെടെ അധികാരങ്ങള്‍ പൂര്‍ണമായും ഇനി അസീമിനാകും.
27-ാം ഭരണഘടനാ ഭേദഗതിയിലൂടെ സ്ഥാപിച്ച ഈ പുതിയ പദവി പാകിസ്ഥാൻ്റെ മൂന്ന് സേനാവിഭാഗങ്ങളെയും (കരസേന, നാവികസേന, വ്യോമസേന) ഒരൊറ്റ ഏകീകൃത കമാൻഡിന് കീഴിൽ കൊണ്ടുവരും. അഞ്ച് വർഷമാണ് സി.ഡി.എഫിൻ്റെ കാലാവധി. പുതിയ മാറ്റത്തോടെ നിലവിലെ ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്സി) ചെയർമാൻ പദവി നിർത്തലാക്കി. ഇന്ന് വിരമിക്കുന്ന ജനറൽ സാഹിർ ഷംഷാദ് മിർസയോടെ ഈ പദവിക്ക് വിരാമമാകും.
ഫീൽഡ് മാർഷൽ അസിം മുനീർ നിലവിലെ കരസേനാ മേധാവി സ്ഥാനത്ത് തുടരുന്നതിനൊപ്പം സി.ഡി.എഫിൻ്റെ ചുമതല കൂടി ഏറ്റെടുക്കുന്നതോടെ സൈനിക മേധാവിയുടെ അധികാരം ഗണ്യമായി വർധിക്കും. ഈ പരിഷ്കരണത്തിന് പിന്തുണ നൽകാനായി വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ്, കമാൻഡർ നാഷണൽ സ്ട്രാറ്റജിക് കമാൻഡ് എന്നീ പുതിയ തസ്തികകളും സൈന്യത്തിൽ രൂപീകരിച്ചിട്ടുണ്ട്.
പുതിയ ശ്രേണിക്ക് നിയമപരമായ സാധുത നൽകുന്നതിനായി പാകിസ്ഥാൻ ആർമി ആക്റ്റ് ഉൾപ്പെടെയുള്ള സുപ്രധാന സൈനിക നിയമങ്ങളിലും ഭേദഗതി വരുത്തി. ഈ പരിഷ്കാരം പാക് സൈന്യത്തിൽ വ്യാപകമായ മാറ്റങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും വഴിതുറക്കും.